Spread the love

ഷറം അൽ ഷെയ്ഖ്: കാലാവസ്ഥാ വ്യതിയാനം മൂലം ദുരിതമനുഭവിക്കുന്ന ദരിദ്ര വികസ്വര രാജ്യങ്ങൾക്കുള്ള നഷ്ടപരിഹാര ഫണ്ട് സംബന്ധിച്ച് ഐക്യരാഷ്ട്രസഭയുടെ 27-ാമത് ആഗോള കാലാവസ്ഥാ ഉച്ചകോടിയിൽ (സിഒപി 27) ധാരണ. മാലിദ്വീപ് പരിസ്ഥിതി മന്ത്രി അമിനത്ത് ഷോണയാണ് ഇക്കാര്യം അറിയിച്ചത്. വോട്ടെടുപ്പിന് ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. നഷ്ടപരിഹാര ഫണ്ടിന്‍റെ കാര്യത്തിൽ തീരുമാനമാകാത്തതിനാൽ വെള്ളിയാഴ്ച അവസാനിക്കാനിരുന്ന ഉച്ചകോടി ശനിയാഴ്ചയും തുടർന്നിരുന്നു. നവംബർ ആറിന് ഈജിപ്തിലെ ഷറം അൽ ഷെയ്ഖിലാണ് ഉച്ചകോടി ആരംഭിച്ചത്.

കൂടുതൽ ഹരിത ഗ്രഹ വാതകം പുറന്തള്ളുന്ന സമ്പന്ന രാജ്യങ്ങൾ ദരിദ്ര രാജ്യങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന ആവശ്യത്തെ തുടർന്നാണ് ചർച്ചകൾ വൈകിയത്. ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ചൈനയുടെയും അമേരിക്കയുടെയും പ്രതിനിധികൾ തമ്മിൽ ചർച്ച നടത്തി. സിഒപി-27 ന്‍റെ വിജയത്തിനായി ഇരു രാജ്യങ്ങളും പരിശ്രമിക്കുമെന്നായിരുന്നു ചൈനയുടെ പ്രതികരണം.

യുഎസ്, ചൈന തുടങ്ങിയ രാജ്യങ്ങൾ കാർബൺ പുറന്തള്ളലിൽ മുൻപന്തിയിലാണ്. എന്നാൽ വികസിത രാജ്യമല്ലെന്നും ദുരിതാശ്വാസ നിധി രൂപീകരിക്കുന്ന കാര്യത്തിൽ ഒഴിവാക്കണമെന്നുമാണ് ചൈനയുടെ നിലപാട്. സഹായ നിധി ബാധ്യതയാകുമെന്ന ആശങ്ക യുഎസിനെയും പിന്നോട്ട് വലിച്ചു.

By newsten