Spread the love

ഇറ്റലി: മധ്യ ഇറ്റലിയിലുണ്ടായ വെള്ളപ്പൊക്കത്തിൽ 10 മരണം. രണ്ടു കുട്ടികളടക്കം നിരവധി പേരെ കാണാതായി. മാർഖേ മേഖലയുടെ കിഴക്കൻ പ്രദേശത്ത് ഏതാനും മണിക്കൂറുകൾക്കുള്ളിൽ പെയ്ത 420 മില്ലീമീറ്ററിലധികം മഴയാണ് അപ്രതീക്ഷിതമായി ദുരിതം വിതച്ചത്. വളരെ പെട്ടെന്നുണ്ടായ കനത്ത മഴയിൽ കാന്റിയാനോയിലെ തെരുവുകൾ നദികളായി. ചെളിവെള്ളം കാറുകളെ ഒഴുക്കിക്കൊണ്ടുപോയി. ഏതാനും മണിക്കൂറുകൾക്കുള്ളിൽ, സാധാരണ വാർഷിക മഴയുടെ മൂന്നിലൊന്ന് ലഭിച്ചു. സെനഗലിയ, മാഴ്സെലെ തുടങ്ങിയ പ്രദേശങ്ങളിൽ വെള്ളപ്പൊക്കം തുടരുകയാണ്. പ്രളയത്തിൽ കാണാതായവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. കാലാവസ്ഥാ വ്യതിയാനമാണ് വെള്ളപ്പൊക്കത്തിന് കാരണമെന്നും അത് പ്രവചിക്കാൻ പ്രയാസമാണെന്നും ഭൗമശാസ്ത്ര വിദഗ്ധർ പറയുന്നു.

അഡ്രിയാറ്റിക് കടലിനോട് ചേർന്നുള്ള മാർഷ് മേഖലയിൽ വ്യാഴാഴ്ച വൈകുന്നേരം മേഘവിസ്ഫോടനത്തിന് സമാനമായ മഴയാണ് അപ്രതീക്ഷിത വെള്ളപ്പൊക്കത്തിന് കാരണമായതെന്ന് മേയർ റിക്കാർഡോ പാസ്ക്വാലിനി പറഞ്ഞു. പ്രളയജലം കരകവിഞ്ഞൊഴുകിയതോടെ ആളുകൾ കെട്ടിടങ്ങളുടെ മുകളിലും വലിയ മരങ്ങളുടെ മുകളിലും അഭയം പ്രാപിച്ചു. രക്ഷാപ്രവർത്തകർ എത്തുന്നതുവരെ ഇവർക്ക് അവിടെ താമസിക്കേണ്ടിവന്നു. കുടിവെള്ള വിതരണവും ഗതാഗതവും ടെലിഫോൺ സംവിധാനങ്ങളും താറുമാറായി. നഗരത്തിന്‍റെ പകുതിയോളം ഭാഗങ്ങളിൽ കാറുകൾ ചെളിയിൽ മുങ്ങിക്കിടക്കുന്നത് കാണാം.

By newsten