പൊൻകുന്നം: കർഷകരിൽ നിന്ന് കപ്പ വാങ്ങി മൂല്യവർധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന ആശയവുമായി പഞ്ചായത്ത്.ചിറക്കടവ് പഞ്ചായത്ത് മുൻകൈ എടുത്ത് നടത്തുന്ന ഈ പദ്ധതി കേരളത്തിൽ തന്നെ ആദ്യമാണ്. വില ഇടിഞ്ഞാലും കർഷകർക്ക് ന്യായവില ഉറപ്പാക്കുകയെന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.
കപ്പയിൽ നിന്ന് മിക്സ്ചർ,മുറുക്ക്,പക്കാവട മധുരസേവ,ഉപ്പേരി എന്നിവയാണ് ഉണ്ടാക്കുന്നത്. കിലോക്ക് വെറും എട്ട് രൂപക്ക് വിൽക്കേണ്ടി വന്ന കപ്പ നാട്ടുകാർ ഇപ്പോൾ വിപുലമായി കൃഷി ചെയ്തുവരുന്നു. കിലോക്ക് 38 രൂപ നിരക്കിലാണ് പഞ്ചായത്ത് കഴിയുന്നത്ര കപ്പ വാങ്ങിയത്. ഗ്രാമപ്പഞ്ചായത്തിന്‍റെ കാർഷിക മൂല്യവർധിത ഉൽപാദന സംരംഭമായ ചിറക്കടവ് പ്രൊഡക്ട്സാണ് പദ്ധതിയുടെ നേതൃത്വം നൽകുന്നത്.
യന്ത്രസഹായത്തോടെ തയ്യാറാക്കുന്ന വിഭവങ്ങളിൽ പ്രിസർവേറ്റീവുകളൊന്നും ചേർത്തിട്ടില്ലെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.സി.ആർ. ശ്രീകുമാർ പറഞ്ഞു.90 ദിവസം വരെ ഉൽപ്പന്നങ്ങൾ കേട് കൂടാതിരിക്കുകയും ചെയ്യും.