പുതിയ ബഹിരാകാശ നിലയത്തില്‍ ബഹിരാകാശ നടത്തത്തിനിറങ്ങി ചൈനീസ് സഞ്ചാരികള്‍. ഈ വര്‍ഷം അവസാനത്തോടെ നിലയത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ചൈനയുടെ ലക്ഷ്യം. കായ് ഷൂഷെ, ചെന്‍ ഡോങ് എന്നീ യാത്രികരാണ് അടിയന്തിര സാഹചര്യത്തില്‍ പുറത്ത് നിന്ന് ഹാച്ച് ഡോര്‍ തുറക്കുന്നതിനുള്ള ഹാന്റില്‍ സ്ഥാപിക്കുന്നതിനായി നിലയത്തിന് പുറത്തിറങ്ങിയത്.
അമേരിക്കയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനായുള്ള സഹകരണത്തിൽ നിന്ന് ഒഴിവാക്കിയതോടെയാണ് ചൈന സ്വന്തമായി ബഹിരാകാശ നിലയം സ്ഥാപിക്കാൻ തുടങ്ങിയത്.
ഇത് രണ്ടാം തവണയാണ് ചൈനീസ് സഞ്ചാരികള്‍ ബഹിരാകാശ നടത്തത്തിന് ഇറങ്ങുന്നത്. ആറ് മാസം നീണ്ട ദൗത്യത്തിനെത്തിയ മൂന്നംഗ സംഘം നിലയത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയേ മടങ്ങുകയുള്ളൂ. രണ്ട് ലബോറട്ടറികളിൽ ഒന്ന് ജൂലൈയില്‍ നിലയവുമായി ഘടിപ്പിച്ചിരുന്നു. 23 ടണ്‍ ഭാരമുണ്ട് ഇതിന്. രണ്ടാമത്തെ ലബോറട്ടറി ഈ വര്‍ഷം അവസാനത്തോടെ അയക്കും.