ഇടുക്കി: നെടുങ്കണ്ടം കമ്പംമെട്ട് പൊലീസ് സ്റ്റേഷന്‍റെ സുരക്ഷയ്ക്കായി ഇനി പാറാവ് മാത്രമല്ല, ചൈനീസ് പാമ്പുകളും ഉണ്ടാകും. കുരങ്ങൻമാരുടെ ആക്രമണം ശക്തമായതോടെയാണ് റബ്ബർ കൊണ്ട് നിർമ്മിച്ച ചൈനീസ് പാമ്പുകളെ പൊലീസ് രംഗത്ത് ഇറക്കിയത്. കേരള-തമിഴ്നാട് അതിർത്തിയോട് ചേർന്നാണ് കമ്പംമെട്ട് പൊലീസ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. തൊട്ടടുത്താണ് തമിഴ്നാട് വനഭൂമി.
ഇവിടെ നിന്ന് വരുന്ന കുരങ്ങൻമാരുടെ കൂട്ടം പൊലീസ് സ്റ്റേഷനും പരിസരവാസികൾക്കും ഉണ്ടാക്കുന്ന ശല്യം ചെറുതല്ല. സ്റ്റേഷൻ കോമ്പൗണ്ടിൽ എത്തുന്ന വാഹനങ്ങൾക്കും പൊലീസ് വാഹനങ്ങൾക്കും കുരങ്ങൻമാർ കേടുപാടുകൾ വരുത്താറുണ്ട്. പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തുന്നവർ പോലും കുരങ്ങ് ശല്യത്തിന്‍റെ ഇരകളായി മാറുകയാണ്. പൊലീസുകാരുടെ മെസ്സിൽ കയറി ഭക്ഷണസാധനങ്ങൾ എടുത്തുകൊണ്ട് പോകുന്നതാണ് മറ്റൊരു പ്രശ്നം. ഇതോടെയാണ് കുരങ്ങൻ കൂട്ടത്തെ തുരത്താൻ ചൈനീസ് പാമ്പുകളെ പൊലീസ് സ്റ്റേഷനു മുന്നിലും സമീപത്തെ മരങ്ങളിലും സ്ഥാപിച്ചത്.