ന്യൂഡല്‍ഹി: അതിർത്തിയിലെ ഇന്ത്യൻ പക്ഷത്തെ പ്രകോപിപ്പിക്കാനാണ് ചൈന ശ്രമിക്കുന്നതെന്ന് ഇന്ത്യാ ഗവണ്മെന്റ് ആരോപിച്ചു. ജൂൺ അവസാന വാരത്തിൽ കിഴക്കൻ ലഡാക്കിലെ ഇന്ത്യ-ചൈന അതിർത്തിയിൽ യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് (എൽഎസി) സമീപം ഒരു ചൈനീസ് വിമാനം പറന്നതായും ഇന്ത്യൻ വ്യോമസേന സമയോചിതമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചതായും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ലഡാക്ക് സെക്ടറിൽ മാസങ്ങൾക്കിടെ ഇതാദ്യമായാണ് ചൈന ഇത്തരത്തിൽ നിയമലംഘനം നടത്തുന്നതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
അതിർത്തി പ്രദേശങ്ങളിൽ ഇന്ത്യൻ വ്യോമസേന സ്ഥാപിച്ച റഡാർ ഉപയോഗിച്ചാണ് ചൈനീസ് വിമാനം കണ്ടെത്തിയത്. കിഴക്കൻ ലഡാക്കിലെ അധിനിവേശ പ്രദേശത്ത് ചൈനീസ് വ്യോമസേന പരിശീലനം നടത്തുന്നതിനിടെയാണ് സംഭവം. സൈനികാഭ്യാസത്തിനിടെ ചൈനീസ് വ്യോമസേന പ്രതിരോധ ഉപകരണങ്ങൾ ഉപയോഗിക്കുന്നത് തുടരുകയാണ്.
വിഷയം ചൈനയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും അതിനുശേഷം ചൈനയുടെ ഭാഗത്ത് നിന്ന് പ്രകോപനപരമായ ഒരു നീക്കവും ഉണ്ടായിട്ടില്ലെന്നും വൃത്തങ്ങൾ അറിയിച്ചു. ചൈനയുടെ ഭാഗത്തുനിന്നുള്ള തത്വദീക്ഷയില്ലാത്ത നീക്കങ്ങൾ തടയാൻ കിഴക്കൻ ലഡാക്ക് അതിർത്തി പ്രദേശത്ത് ഇന്ത്യ ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.