Spread the love

ചൈന: യുഎസ് ജനപ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശനത്തെച്ചൊല്ലിയുള്ള സംഘർഷങ്ങൾക്കിടെ, പ്രതിഷേധ സൂചകമായി പ്രഖ്യാപിച്ച ചൈനയുടെ സൈനികാഭ്യാസം ആരംഭിച്ചു. ഇതിന്‍റെ ഭാഗമായി തായ്‌വാനു സമീപം മിസൈൽ പ്രയോഗിച്ചതായി ചൈന സ്ഥിരീകരിച്ചു. സമീപകാലത്ത് ചൈന നടത്തുന്ന ഏറ്റവും വലിയ സൈനികാഭ്യാസമാണിതെന്നാണ് വിവരം. പെലോസിയുടെ സന്ദർശനത്തിനെതിരെയുള്ള പ്രതിഷേധത്തിന്‍റെ ഭാഗമായി ചൈന നടത്തിയ സൈനികാഭ്യാസവും സമീപ വർഷങ്ങളിലെ ഏറ്റവും വലിയ സംഘർഷങ്ങളിലൊന്നിന് കാരണമായിട്ടുണ്ട്.

മിസൈൽ ഉപയോഗിച്ചുള്ള സൈനികാഭ്യാസത്തിന് പുറമെ നിരവധി തവണ ചൈനീസ് സൈന്യം തായ്‌വാൻ അതിർത്തിയിൽ നുഴഞ്ഞുകയറിയതായി റിപ്പോർട്ടുകളുണ്ട്. ബുധനാഴ്ച രാത്രി നിരവധി തവണ അതിർത്തി കടന്ന ചൈനീസ് സൈന്യം ഇന്നും അതേ ഓപ്പറേഷൻ തുടരുകയാണെന്ന് തായ്‌വാനിൽ നിന്നുള്ള വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

അതേസമയം, ചൈനയുടെ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി തായ്‌വാൻ അധികൃതർ രംഗത്തെത്തി. യുഎൻ ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണ് ചൈന നടത്തുന്നതെന്ന് അവർ ചൂണ്ടിക്കാട്ടി. ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര സമുദ്ര പാതയിലും വ്യോമാതിർത്തിയിലുമാണ് ചൈന അഭ്യാസം നടത്തുന്നത്.

By newsten