തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിൻറെ ഏറ്റവും പുതിയ വെളിപ്പെടുത്തലിൻറെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ ആവശ്യപ്പെട്ടു. സ്വർണക്കടത്ത് കേസിൽ സുതാര്യമായ അന്വേഷണം സാധ്യമാകണമെങ്കിൽ ജുഡീഷ്യൽ മേൽനോട്ടം വേണമെന്നും കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൽ വിശ്വാസം നഷ്ടപ്പെട്ടുവെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
സ്വപ്നയുടെ വെളിപ്പെടുത്തലിൻറെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിക്ക് ആ പദവിയിൽ ഇരിക്കാൻ അർഹതയില്ല. ബിരിയാണി പാത്രത്തിൽ സ്വർണം കടത്തിയെന്ന ആരോപണം നേരിടുന്ന മുഖ്യമന്ത്രി ആ കസേരയിൽ തുടരുന്നത് ജനാധിപത്യത്തിൻ അപമാനകരമാണ്. ആത്മാഭിമാനമുണ്ടെങ്കിൽ രാജിവയ്ക്കാനും അന്വേഷണത്തെ നേരിടാനുമുള്ള ജനാധിപത്യ വിവേകവും ധൈര്യവും ധാർമ്മികതയും മുഖ്യമന്ത്രി കാണിക്കണം.
ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് ഒരു മുഖ്യമന്ത്രി സ്വർണക്കടത്ത് കേസിൽ കുടുങ്ങുന്നത്. തല കുനിച്ച് മാധ്യമങ്ങൾക്ക് മുന്നിൽ നടക്കുന്ന മുഖ്യമന്ത്രി സ്വയം പരിഹാസ്യനായി മാറിയെന്നും സത്യം പുറത്തുവരണമെങ്കിൽ കോടതിയുടെ മേൽനോട്ടത്തിലുള്ള സി.ബി.ഐ അന്വേഷണമോ ജുഡീഷ്യൽ അന്വേഷണമോ വേണമെന്നും സുധാകരൻ പറഞ്ഞു.