തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. റോജി എം ജോണിന്റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കേരളത്തിലെ പശ്ചാത്തലസൗകര്യ വികസനത്തിലെ ഒരു വലിയ കുതിച്ചുചാട്ടമായാണ് ഇത് വിഭാവനം ചെയ്യുന്നത്. സമ്പദ് വ്യവസ്ഥയ്ക്കും വ്യാവസായിക അന്തരീക്ഷത്തിനും സാമൂഹിക വളർച്ചയ്ക്കും ഇതിന്റെ സംഭാവന ചെറുതല്ല. പദ്ധതി മരവിപ്പിച്ചു എന്നത് വസ്തുതാപരമായി തെറ്റാണ്. പദ്ധതിയുടെ ഡിപിആർ അനുമതിക്കായി കേന്ദ്ര സർക്കാരിന് സമർപ്പിക്കുകയും റെയിൽവേ മന്ത്രാലയം ആവശ്യപ്പെട്ട വിവരങ്ങൾ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഡിപിആർ റെയിൽവേ മന്ത്രാലയത്തിന്റെ പരിഗണനയിലാണെന്നും പിണറായി വിജയൻ പറഞ്ഞു.
പദ്ധതിക്ക് തത്വത്തിൽ അംഗീകാരം ലഭിച്ചിട്ടുണ്ട്. റെയിൽവേ, ധനകാര്യ മന്ത്രാലയങ്ങളുടെ വിജ്ഞാപനങ്ങളും സർക്കുലറുകളും അനുസരിച്ച് നിക്ഷേപത്തിന് മുമ്പുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജിയോടെക്നിക്കൽ പഠനം, ഹൈഡ്രൗളിക്കൽ പഠനം, സമഗ്രമായ പാരിസ്ഥിതിക ആഘാത പഠനം തുടങ്ങിയവ ഇതുമായി ബന്ധപ്പെട്ട് നടന്നുവരികയാണ്. ഭൂവുടമകൾക്ക് അർഹമായ നഷ്ടപരിഹാരം ഭൂമി ഏറ്റെടുക്കുന്നതിന് മുമ്പ് തന്നെ കാലതാമസം കൂടാതെ വിതരണം ചെയ്യുമെന്ന് സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്. അതിനാൽ ഇക്കാര്യത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സർക്കാർ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സാമൂഹ്യാഘാത പഠനത്തിന്റെ ഭാഗമായി അടയാളപ്പെടുത്തിയ ഭൂമി വിൽപ്പനയ്ക്ക് നിലവിൽ നിയമപരമായ തടസ്സമില്ല. ഭൂമി ഏറ്റെടുക്കലിന്റെ അടിസ്ഥാനമായ 2013 ലെ എൽ.എ.ആർ.ആർ ആക്ടിലെ സെക്ഷൻ 11 (1) പ്രകാരം വിജ്ഞാപനം പുറപ്പെടുവിച്ചതിന് ശേഷം മാത്രമേ ഭൂമിയുടെ ക്രയവിക്രയങ്ങള്ക്കുള്ള നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരികയുള്ളു. ഈ വിജ്ഞാപനം പുറപ്പെടുവിക്കാത്തതിനാൽ, നിലവിൽ വിൽക്കാൻ കഴിയും. ഭൂമി പണയപ്പെടുത്തി വായ്പയെടുക്കുന്നതിന് തടസ്സമുണ്ടാകേണ്ടതില്ല. ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാനും പദ്ധതി ആരംഭിക്കുന്നതിന് മുമ്പ് തന്നെ ദുർബലപ്പെടുത്താനുമാണ് ചില വാര്ത്താനിര്മ്മിതികളിലൂടെ നടന്നുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.