മുഖ്യമന്ത്രിയുടെ അറിവോടെയാണ് മണി തുടർച്ചയായി അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഒരു സ്ത്രീ വിധവയാകുന്നത് വിധിയാണെന്ന് സി.പി.ഐ(എം) ദേശീയ നേതൃത്വം വിശ്വസിക്കുന്നുണ്ടോ എന്ന് ചോദിച്ച വി ഡി സതീശൻ ടി.പി ചന്ദ്രശേഖരനെ വധിച്ച ശേഷവും മുഖ്യമന്ത്രി പിണറായി വിജയന് അടങ്ങാത്ത പകയാണെന്നും പറഞ്ഞു. കെ.കെ രമ ആക്രമിക്കപ്പെട്ടാൽ കോൺഗ്രസ് അവരെ നാല് ചുറ്റും നിന്ന് സംരക്ഷിക്കുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
വൈധവ്യം വിധിയാണെന്ന് വിശ്വസിക്കുകയാണെങ്കിൽ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേർന്ന് ഭർത്താവ് മരിച്ചവർ സതി അനുഷ്ഠിക്കണം എന്നു കൂടി പറയണം. കാരണം സതിയുടെ അടിസ്ഥാനം സ്ത്രീയുടെ വിധി കാരണം ഭർത്താവ് മരിക്കുന്നു എന്നതാണ്. അത്തരമൊരു പിന്തിരിപ്പൻ ആശയം തലയിൽ ചുമക്കുകയാണോ സിപിഎം നേതാക്കളെന്ന് വ്യക്തമാക്കണമെന്നും വി.ഡി സതീശൻ പറഞ്ഞു.
ബി.ജെ.പിയും സി.പി.ഐ.എമ്മും പുറത്ത് മറ്റ് പല വിഷയങ്ങളിലും ചർച്ച നടത്തി സ്വർണക്കടത്ത് ഉൾപ്പെടെയുള്ള കേസുകൾ ഒത്തുതീർപ്പാക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. മണിയുടെ പരാമർശങ്ങളും ദേശീയപാതാ വിവാദവും എ.കെ.ജി സെന്റർ ആക്രമണവും, ഭരണഘടനാ വിവാദവും രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെയുണ്ടായ ആക്രമണവുമെല്ലാം സ്വർണ്ണക്കടത്ത് കേസിൽ നിന്ന് ശ്രദ്ധ തിരിക്കാനാണോ എന്ന് കേരളം ചർച്ച ചെയ്യുന്നുണ്ടെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.