Spread the love

കെമിസ്ട്രി മൂല്യനിർണയം അട്ടിമറിക്കാൻ ചില അധ്യാപകർ ശ്രമിച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അധ്യാപകർ മിന്നൽ പണിമുടക്ക് നടത്തുന്നത് അംഗീകരിക്കാനാവില്ല. ഫലപ്രഖ്യാപനത്തിന് ശേഷം കർശന നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചോദ്യവുമായി ബന്ധമില്ലാത്ത ഉത്തരസൂചിക ഏറെ ആശയക്കുഴപ്പമുണ്ടാക്കിയെന്നായിരുന്നു സംസ്ഥാനത്തെ എല്ലാ മൂല്യനിർണയ ക്യാമ്പുകളിൽ നിന്നുമുള്ള പരാതി. ചോദ്യകർത്താവ് തയ്യാറാക്കിയ ഉത്തരസൂചികയായിരുന്നു മൂല്യനിർണ്ണയത്തിന് കൊടുത്തത്. ഇതിൽ പ്രശ്നങ്ങളുള്ളത് കൊണ്ട് മുതിർന്ന അധ്യാപകർ ചേർന്നുള്ള സ്കീം ഫൈനലൈസേഷനിൽ ഉത്തരസൂചിക പുനക്രമീകരിച്ചിരുന്നു. എന്നാൽ കുട്ടികൾക്ക് വാരിക്കോരി മാർക്ക് നൽകുമെന്ന് പറഞ്ഞ് വിദ്യാഭ്യാസ വകുപ്പ് ഇത് തള്ളുകയായിരുന്നു.

മൂല്യനിർണയത്തിന് എത്തിയവരെ ഇക്കാര്യം അറിയിച്ചിരുന്നില്ല. ഇതോടെ അധ്യാപകർ ക്യാമ്പ് ബഹിഷ്കരിച്ചു. അന്ന് അനാവശ്യ പ്രതിഷേധമാണെന്ന് പറഞ്ഞ് വിദ്യാഭ്യാസ മന്ത്രി സമരം തള്ളിക്കളഞ്ഞു. അതേസമയം, പദ്ധതിക്ക് അന്തിമരൂപം നൽകിയ 12 അധ്യാപകർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. ഇതോടെ പ്രതിഷേധം ശക്തമായിരുന്നു. ചോദ്യകർത്താവിൻറെ ഉത്തരസൂചികയുടെ അടിസ്ഥാനത്തിലാണെങ്കിൽ വിദ്യാർത്ഥികൾക്ക് 10 മുതൽ 20 വരെ മാർക്ക് നഷ്ടപ്പെടുമെന്ന് അധ്യാപകർ പരാതിപ്പെട്ടിരുന്നു.

By newsten