Spread the love

ന്യൂഡൽഹി: ഏഴ് പതിറ്റാണ്ടിന് ശേഷം ആദ്യമായി ചീറ്റകൾ ഇന്ത്യൻ മണ്ണിൽ എത്തിയതിന്‍റെ സന്തോഷത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ. കഴിഞ്ഞ ശനിയാഴ്ചയാണ് മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലേക്ക് എട്ട് ചീറ്റകളെ കൊണ്ടുവന്നത്. ഇപ്പോൾ എല്ലാ ചീറ്റകളും നല്ല ആരോഗ്യത്തിലാണെന്നും സാഹചര്യവുമായി പൊരുത്തപ്പെടാൻ തുടങ്ങിയെന്നുമാണ് അധികൃതർ പങ്കുവയ്ക്കുന്ന വിവരങ്ങൾ. ഇന്ത്യയിൽ എത്തിയതിന് ശേഷം ആദ്യമായി ഭക്ഷണം കഴിച്ചതായി ദേശീയോദ്യാനത്തിലെ അധികൃതരും അറിയിച്ചു.

അഞ്ച് പെൺ ചീറ്റകളെയും മൂന്ന് ആൺ ചീറ്റകളെയും ഇന്ത്യയിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. സവന്ന, സാഷ, ആശ, ഓബാൻ, സിബ്ലി, സൈസ, ഫ്രെഡി, ആൾട്ടൺ എന്നിങ്ങനെയാണ് ചീറ്റപ്പുലികളുടെ പേര്. നമീബിയിൽ വച്ച് നൽകിയ പേരുകൾ മാറ്റാൻ അധികൃതർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ആശ എന്ന പേര് ഒരു ഇന്ത്യൻ പേരായതിനാൽ, ആഫ്രിക്കയിൽ നിന്ന് കൊണ്ടുവരുന്ന സമയത്ത് ഏതെങ്കിലും ഇന്ത്യൻ ഉദ്യോഗസ്ഥനാവും കൂടിന് വെളിയിൽ പേരെഴുതിയതെന്നാണ് കരുതുന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഞായറാഴ്ച വൈകുന്നേരമാണ് ഇവർക്ക് ആദ്യം ഭക്ഷണം നൽകിയത്.

ഓരോ ചീറ്റയ്ക്കും രണ്ട് കിലോ ഇറച്ചി നൽകി. ഒരു മടിയും കൂടാതെ അവർ ഭക്ഷണം കഴിച്ചു. ഒരു ചീറ്റ മാത്രം പൂർണ്ണമായും ഭക്ഷിച്ചിട്ടില്ലെന്നും എന്നാൽ അതിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ പറഞ്ഞു. രണ്ടര വയസ്സിനും അഞ്ചര വയസ്സിനും ഇടയിൽ പ്രായമുള്ള ചീറ്റകളെയാണ് ഇന്ത്യയിലെത്തിച്ചത്. ഇവർ ഇപ്പോൾ ക്വാറന്‍റൈനിലാണ്. ചീറ്റകൾക്ക് മൂന്ന് ദിവസത്തിലൊരിക്കൽ ഭക്ഷണം നൽകും.

By newsten