കനത്ത മഴയിൽ കോട്ടയത്ത് രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തതായി മന്ത്രി വി.എൻ വാസവൻ അറിയിച്ചു. മുളന്തുരുത്തി കാരിക്കോട് സ്വദേശി ടി.ആർ.അനീഷ്, കൂട്ടിക്കല്‍ സ്വദേശി റിയാസ് എന്നിവരാണ് മരിച്ചത്. കൂട്ടിക്കൽ ചെക്ക് ഡാം പൊളിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം ജില്ലയിലെ മഴ ദുരിതാശ്വാസ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിന് ചേർന്ന യോഗത്തിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
കൂട്ടിക്കൽ മേഖലയിൽ മഴ ശക്തമാകുന്നതോടെ പ്രദേശത്തെ ചെക്ക് ഡാം ജലനിരപ്പ് ഉയരാൻ കാരണമാകുന്നു. ഇക്കാര്യം എം.എൽ.എയുടെയും പഞ്ചായത്ത് പ്രസിഡന്‍റിന്‍റെയും ശ്രദ്ധയിൽപ്പെടുത്തി. അതിന്‍റെ അടിസ്ഥാനത്തിലാണ് ജലവിഭവ മന്ത്രിയുമായി സംസാരിച്ചത്. എത്രയും വേഗം ഡാം പൊളിക്കാൻ ഫണ്ട് അനുവദിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി വി.എന്‍.വാസവന്‍ പറഞ്ഞു.
പ്രളയകാലത്ത് പുഴകളിലും പാലങ്ങളിലും അടിഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കം ചെയ്യാൻ ജലസേചന വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് നഷ്ടപരിഹാരം നൽകും. കൃഷി, റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പുകൾക്ക് കണക്കുകൾ പരിശോധിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. വെള്ളക്കെട്ട് നീക്കാനുള്ള നടപടികളും പൊതുമരാമത്ത് വകുപ്പ് ആരംഭിച്ചിട്ടുണ്ട്. മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കുകളിലാണ് ഏറ്റവും കൂടുതൽ ഉരുൾപൊട്ടലുണ്ടായതെന്നും മന്ത്രി പറഞ്ഞു.