തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പിൽ മാറ്റം. പുതിയ വിജ്ഞാപനത്തിൽ, കാലാവസ്ഥാ വകുപ്പ് കനത്ത മഴയ്ക്കുള്ള സാധ്യത പങ്കിടുന്നു. പുതിയ മാറ്റത്തെ തുടർന്ന് 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട് ജില്ലകൾ ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിൽ കനത്ത മഴ ലഭിക്കും. വ്യാഴാഴ്ച വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഇടിമിന്നലോടുകൂടി ഇടതടവില്ലാതെ പെയ്യുന്ന മഴ കാരണം പ്രാദേശികമായി ചെറിയ മിന്നൽ പ്രളയമുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
തെക്കൻ കേരളത്തിൽ ആദ്യം ശക്തി പ്രാപിക്കുന്ന മഴ പിന്നീട് വടക്കൻ കേരളത്തിൽ ശക്തിപ്രാപിക്കും. ചൊവ്വാഴ്ച തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള എട്ട് ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പുണ്ട്. ബുധൻ, വ്യാഴം ദിവസങ്ങളിൽ 10 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തീരപ്രദേശങ്ങളിലും മലയോര മേഖലകളിലും അതിശക്തമായ മഴ പെയ്യുന്നത് കണക്കിലെടുക്കണമെന്ന് കുസാറ്റ് കാലാവസ്ഥാ വിഭാഗത്തിലെ ഡോ.മനോജ് കുമാർ പറഞ്ഞു.