തിരുവനന്തപുരം: സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റാനുള്ള ബില്ലിൻമേൽ സംസ്ഥാന നിയമസഭയിൽ ശക്തമായ വാദപ്രതിവാദം. ഗവർണർക്ക് പകരം നിർദേശിക്കുന്ന ബദലിനെയാണ് വിമർശിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. രാജസ്ഥാന്‍ മാതൃകയിൽ മുഖ്യമന്ത്രി കേരളത്തിലെ സർവകലാശാലകളുടെ ചാൻസലറാകില്ലെന്ന് മന്ത്രി പി രാജീവ് തിരിച്ചടിച്ചു.
ചാൻസലർ സ്ഥാനം ഒഴിയുമെന്ന് ഒരു ഘട്ടത്തിൽ ഗവർണർ പറഞ്ഞതായും, സ്വയം രാജിവയ്ക്കാമെന്ന് പറഞ്ഞപ്പോൾ കോൺഗ്രസ് നേതാക്കൾ പാടില്ല എന്നാണ് പറഞ്ഞതെന്നും മന്ത്രി പറഞ്ഞു. ചാൻസലർ സ്ഥാനം ഒഴിയരുതെന്ന് ഗവർണറുടെ കാലിൽ പിടിച്ചത് സർക്കാരാണെന്ന് വി.ഡി സതീശൻ തിരിച്ചടിച്ചു .
ഭരണകക്ഷിയുടെ വിമർശനങ്ങൾക്ക് മറുപടിയായി കോൺഗ്രസിനും മുസ്ലിം ലീഗിനും ഈ വിഷയത്തിൽ ഒരേ അഭിപ്രായമാണെന്നും അദ്ദേഹം പറഞ്ഞു. ഈ ബിൽ സർവകലാശാലകളെ തകർക്കുമെന്ന് താൻ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്നും വി.ഡി സതീശൻ പറഞ്ഞു. പ്രതിപക്ഷത്തിന്‍റെ അഭിപ്രായം കേൾക്കണമായിരുന്നുവെന്നും സതീശൻ കൂട്ടിച്ചേർത്തു.