കണ്ണൂര്‍: റേഷൻ വ്യാപാരികളുടെ ക്ഷേമനിധിയിലേക്ക് വരുമാനം ഉണ്ടാക്കാൻ കാർഡ് ഉടമകളിൽ നിന്ന് നിശ്ചിത തുക സെസ് പിരിച്ചെടുക്കാൻ നീക്കം. ഇക്കാര്യത്തിൽ സർക്കാർ ഉത്തരവുണ്ടായില്ലെങ്കിലും ധനമന്ത്രി, ഭക്ഷ്യമന്ത്രി, സിവിൽ സപ്ലൈസ് കമ്മീഷണർ, റേഷൻ ഡീലേഴ്സ് അസോസിയേഷൻ പ്രതിനിധികൾ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് വിഷയം ചർച്ചയായത്. സിവിൽ സപ്ലൈസ് കമ്മീഷണർ ഭക്ഷ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചു. മുഖ്യമന്ത്രിയുടെ അനുമതിയോടെയാകും പദ്ധതി നടപ്പാക്കുക.
പ്രതിമാസം ഒരു രൂപ നിരക്കിൽ കാർഡ് ഉടമയിൽ നിന്ന് പ്രതിവർഷം 12 രൂപ സെസ് ഈടാക്കും. സംസ്ഥാനത്ത് 90 ലക്ഷത്തോളം കാർഡ് ഉടമകളുണ്ട്. എ.വൈ കാർഡുകളെ സെസിൽ നിന്ന് ഒഴിവാക്കും. സെസ് എത്ര മാസം പിരിച്ചെടുക്കുമെന്ന് തീരുമാനിച്ചിട്ടില്ല. 22 വർഷം മുമ്പ് രൂപീകരിച്ച റേഷൻ വ്യാപാരി ക്ഷേമനിധിയിൽ 14,000 അംഗങ്ങളുണ്ട്. വ്യാപാരികൾ പ്രതിമാസം 200 രൂപ നൽകുന്നു.
കൊവിഡ് കാലത്ത് കിറ്റ് വിതരണത്തിനുള്ള 11 മാസത്തെ കുടിശ്ശിക റേഷൻ വ്യാപാരികൾക്ക് ഇനിയും ലഭിക്കാനുണ്ട്. ഇതൊരു സേവനമായി കണക്കാക്കണമെന്ന ഭക്ഷ്യമന്ത്രിയുടെ നിലപാടിനോട് സിഐടിയു ഉൾപ്പെടെയുള്ള റേഷൻ വ്യാപാരികളുടെ സംഘടനകൾക്ക് ശക്തമായ എതിർപ്പുണ്ട്. വ്യാപാരികളുടെ എതിർപ്പ് തണുപ്പിക്കുന്നതിന്‍റെ ഭാഗമായാണ് സെസ് ഏർപ്പെടുത്താനുള്ള നീക്കമെന്ന് പറയപ്പെടുന്നു.