തിരുവനന്തപുരം: കേന്ദ്രത്തിന്റെ നടപടികൾ മൂലം സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്ന് ചൂണ്ടിക്കാണിച്ച് സംസ്ഥാന സർക്കാർ കേന്ദ്ര ധനമന്ത്രാലയത്തിന് കത്തയച്ചു. റവന്യൂ കമ്മി, ഗ്രാന്റുകളിലെ കുറവ്, ജിഎസ്ടി നഷ്ടപരിഹാരം നിർത്തലാക്കൽ എന്നിവ ഈ വർഷം സംസ്ഥാനത്തിന്റെ സാമ്പത്തിക ആരോഗ്യത്തെ സാരമായി ബാധിച്ചു. സംസ്ഥാനത്തിന്റെ വായ്പാ പരിധി ധനമന്ത്രാലയം ഏകപക്ഷീയമായി കുറച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ കേന്ദ്രത്തിന് അയച്ച കത്തിൽ പറഞ്ഞു.
കിഫ്ബിയും പെൻഷൻ കമ്പനിയും എടുത്ത വായ്പ സംസ്ഥാനത്തിന്റെ കടപ്പത്ര അക്കൗണ്ടിൽ ഉൾപ്പെടുത്തരുതെന്നും ബാലഗോപാൽ ആവശ്യപ്പെട്ടു. കേന്ദ്രസർക്കാരിന്റെ ഏകപക്ഷീയമായ തീരുമാനങ്ങൾ ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
കിഫ്ബിയും, പെൻഷൻ കമ്പനിയായ സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡും വഴി എടുത്ത 14,000 കോടി രൂപയുടെ കടം കേരളത്തിന്റെ കടമെടുക്കൽ പരിധിയിൽ ഉൾപ്പെടുത്തിയതായി കാണിച്ച് കേന്ദ്രസർക്കാർ സംസ്ഥാനത്തിന് നോട്ടീസ് നൽകിയിരുന്നു. ഇതിനെതിരെയാണ് കെ.എൻ. ബാലഗോപാലിന്റെ കത്ത്.