Spread the love

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും തമ്മിലുള്ള പോരിൽ മധ്യസ്ഥത വഹിച്ച് പ്രശ്നം പരിഹരിക്കാൻ കേന്ദ്ര സർക്കാരോ രാഷ്ട്രപതിയോ ഇടപെടണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാൻ കായംകുളത്ത് എത്തിയ സുധാകരൻ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. ഇവരുടെ അതിരുകടന്ന യുദ്ധം ജനാധിപത്യത്തിന് ഭീഷണിയും നാടിന്റെ സംസ്കാരത്തിന് അപമാനവുമാണ്.

ഭരണസ്തംഭനമുണ്ടായാൽ ഉത്തരവാദിത്തമുള്ള പ്രതിപക്ഷമെന്ന നിലയിൽ വിഷയത്തിൽ ഇടപെടണമെന്ന് കോൺഗ്രസ് കേന്ദ്രത്തോട് ആവശ്യപ്പെടും. ഒന്നുകിൽ സർക്കാരിനെ പിരിച്ചുവിടണം അല്ലെങ്കിൽ ഗവർണറെ പിൻവലിക്കണം. ഗവർണറും മുഖ്യമന്ത്രിയും നടത്തുന്ന പ്രസ്താവനകൾ കുട്ടികൾ തെരുവിൽ അസഭ്യം പറയുന്നത് പോലെയാണ്. ഗവർണറുടെ ജീവനു ഭീഷണിയുണ്ടെങ്കിൽ അത് ഗൗരവമായി കാണണം. സി.പി.എം ഗുണ്ടകളാണ് ഇതിന് പിന്നിലെന്നും സുധാകരൻ പറഞ്ഞു.

സർവകലാശാലയിലെ എല്ലാ നിയമനങ്ങളും പിൻവാതിൽ നിയമനങ്ങളായിരുന്നു. ഇതിന്‍റെയെല്ലാം ആദ്യഘട്ടത്തിൽ സി.പി.എമ്മിനെ സഹായിച്ചത് ഗവർണറാണ്. ഗവർണറുടെ ദൗർബല്യം മുതലെടുക്കാൻ ശ്രമിച്ചതാണ് ഇപ്പോഴത്തെ തർക്കത്തിന് കാരണം. യോഗ്യതയില്ലാത്തവരെ നിയമിക്കാനാവില്ലെന്ന നിലപാട് സ്വീകരിച്ചാൽ ഗവർണറെ കുറ്റം പറയാനാവില്ല. ഇതൊരു രാഷ്ട്രീയ നിലപാടായി കാണാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

By newsten