ന്യൂ ഡൽഹി: വിപിഎൻ കമ്പനികൾ വീണ്ടും ഇന്ത്യ വിടുകയാണ്. എക്സ്പ്രസ്, സർഫ്ഷാർക്ക് വിപിഎൻ എന്നിവയ്ക്ക് പിന്നാലെ പ്രോട്ടോൺ വിപിഎനും ഇപ്പോൾ ഇന്ത്യയിൽ പ്രവർത്തനം നിർത്തുന്നു. കേന്ദ്ര ഐടി മന്ത്രാലയത്തിന്‍റെ പുതിയ നിബന്ധന പാലിക്കില്ലെന്നതാണ് രാജ്യം വിടാനുള്ള കാരണം. വെർച്വൽ – പ്രൈവറ്റ്- നെറ്റ്വർക്ക് സേവനങ്ങൾ നൽകുന്നതിന് പേരുകേട്ട കമ്പനിയാണ് പ്രോട്ടോൺ. ഇന്ത്യയിൽ മാത്രമല്ല, ആഗോളതലത്തിലും പ്രമുഖ വിപിഎൻ സേവന ദാതാക്കളിൽ ഒരാളാണ് പ്രോട്ടോൺ.
നിലവിൽ സേവനം നിർത്തിയാലും ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് പ്രോട്ടോൺ ഉപയോഗിക്കാൻ കഴിയുമെന്ന് കമ്പനി പറഞ്ഞു. ഇതിനായി, ഇന്ത്യൻ ഐപി വിലാസം നൽകുന്നതിന് ‘സ്മാർട്ട് റൂട്ടിംഗ് സെർവറുകൾ’ ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. വിപിഎൻ നിയന്ത്രണങ്ങൾ ഉൾപ്പെടുന്ന പുതിയ സൈബർ സുരക്ഷാ മാർഗരേഖ നടപ്പിലാക്കാൻ ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (സെർട്–ഇൻ) വിപിഎൻ ദാതാക്കൾക്ക് മൂന്ന് മാസം കൂടി സമയം നൽകിയിരുന്നു.
നിർദ്ദിഷ്ട മാനദണ്ഡങ്ങളിൽ ഇത് നടപ്പാക്കുന്നതിനുള്ള സമയപരിധി ഇന്ന് വരെയാണ്. അതിന് വിമുഖത കാണിച്ച കമ്പനികൾ രാജ്യം വിടുകയാണ്. പുതിയ വിപിഎൻ ശൃംഖലകളും ക്ലൗഡ് സ്റ്റോറേജ് സേവനങ്ങളും ഉപയോഗിക്കരുതെന്ന് കേന്ദ്രസർക്കാർ നേരത്തെ സർക്കാർ ജീവനക്കാർക്ക് നിർദ്ദേശം നൽകിയിരുന്നു. നാഷണൽ ഇൻഫർമാറ്റിക്സ് സെന്‍ററും ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോണ്സ് ടീമും ആണ് നിർദ്ദേശം നൽകിയത്.