ന്യുഡൽഹി: യുവാക്കളുടെ ശബ്ദത്തെ കേന്ദ്ര സർക്കാർ അവഗണിക്കുകയാണെന്ന് ആരോപിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. പുതിയ റിക്രൂട്ട്മെൻറ് സ്കീം പൂർണ്ണമായും ദിശാബോധമില്ലാത്തതാണെന്ന് പറഞ്ഞ സോണിയ ഗാന്ധി, അഹിംസാത്മകവും സമാധാനപരവുമായ രീതിയിൽ പ്രതിഷേധിക്കാൻ യുവാക്കളോട് അഭ്യർത്ഥിച്ചു.
അതേസമയം, സർ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ച സോണിയാ ഗാന്ധിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. “കോൺഗ്രസ് യുവാക്കൾക്കൊപ്പമാണ്. ദിശാബോധമില്ലാത്ത പദ്ധതിയാണ് അഗ്നിപഥ്. പദ്ധതി ഉടൻ പിൻവലിക്കണമെന്നും” കോൺഗ്രസ് അധ്യക്ഷ ആവശ്യപ്പെട്ടു.
ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകൾ നേരിടുന്ന സോണിയയുടെ ശ്വാസനാളിയിലെ അണുബാധ കുറഞ്ഞുവരികയാണ്. മൂക്കില്‍ നിന്നുള്ള രക്തസ്രാവം മാറി. നിലവിൽ നിരീക്ഷണത്തില്‍ കഴിയുകയാണ് സോണിയ. സോണിയയുടെ ആരോഗ്യാവസ്ഥ സംബന്ധിച്ച് വിശദമായ പത്രക്കുറിപ്പ് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു.