ചെന്നൈ: വില വർദ്ധിപ്പിക്കാനൊരുങ്ങി രാജ്യത്തെ സിമന്റ് കമ്പനികൾ. ചാക്കിന് 10 രൂപ മുതൽ 30 രൂപ വരെ വില വർദ്ധിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ മാസം സിമന്റിന്റെ വില ചാക്കിന് മൂന്ന് രൂപ മുതൽ നാല് രൂപ വരെ വർദ്ധിപ്പിച്ചിരുന്നു. വില വീണ്ടും വർദ്ധിപ്പിച്ചേക്കുമെന്ന് എംകെ ഗ്ലോബൽ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് അറിയിച്ചു.
എംകെ ഗ്ലോബലിന്റെ ഒരു മേഖലാ റിപ്പോർട്ട് അനുസരിച്ച്, 2022 ഒക്ടോബറിൽ ഇന്ത്യയിലെ ശരാശരി സിമന്റ് വില ഒരു ബാഗിന് ഏകദേശം 3 മുതൽ 4 രൂപ വരെ വർദ്ധിച്ചു. രാജ്യത്തിന്റെ കിഴക്കൻ, തെക്കൻ ഭാഗങ്ങളിൽ പ്രതിമാസം 2-3 ശതമാനവും പടിഞ്ഞാറ് ഒരു ശതമാനവും വില വർദ്ധിച്ചു. അതേസമയം, ഇന്ത്യയുടെ വടക്കൻ, മധ്യ മേഖലകളിൽ വിലയിൽ 1-2 ശതമാനം വരെ ഇടിവ് രേഖപ്പെടുത്തി.
മൺസൂൺ, ഉത്സവ അവധി ദിവസങ്ങൾ, തൊഴിലാളി ക്ഷാമം എന്നിവ രാജ്യത്തെ സിമന്റ് ആവശ്യകതയെ ബാധിച്ചതായി എംകെ ഗ്ലോബൽ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് പറഞ്ഞു. രാജ്യത്തെ എല്ലാ പ്രധാന ഉത്സവങ്ങളും അവസാനിക്കുകയും നിർമ്മാണ മേഖല കൂടുതൽ പ്രവർത്തനക്ഷമമാകുകയും ചെയ്തത് സിമന്റ് വ്യാപാരികൾക്ക് പ്രതീക്ഷ നൽകുന്നുണ്ട്. നിർമ്മാണ സീസൺ തുടങ്ങിയതോടെ വരും ആഴ്ചകളിൽ സിമന്റിന്റെ ആവശ്യകത വർദ്ധിക്കാനാണ് സാധ്യത. നവംബർ മുതൽ മെയ് വരെയുള്ള കാലയളവിൽ കൂടുതൽ നിർമ്മാണ പ്രവർത്തനങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സിമന്റ് വ്യാപാരികൾ. എന്നാൽ വായ്പയെടുത്തോ അല്ലാതെയോ വീടുകൾ നിർമ്മിക്കുന്ന സാധാരണക്കാർക്ക് സിമന്റ് വില വർദ്ധനവ് വലിയ തിരിച്ചടിയാകും.