കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ തട്ടിപ്പ് കേസിൽ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ സിബിഐ ചോദ്യം ചെയ്യും. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് സ്വപ്നയ്ക്ക് നോട്ടീസ് നൽകി. കേസിലെ പ്രതിയായ പി എസ് സരിത്തിനെ നേരത്തെ സിബിഐ ചോദ്യം ചെയ്തിരുന്നു.
വടക്കാഞ്ചേരിയിൽ ലൈഫ് മിഷന്‍റെ ഫ്ലാറ്റ് സമുച്ചയം നിർമ്മിക്കുന്നതിന് ചട്ടങ്ങൾ ലംഘിച്ച് വിദേശ ഫണ്ട് സ്വീകരിച്ചു, യൂണിടാക്കിൻ നിർമ്മാണ കരാർ നൽകിയതിൽ അഴിമതി നടന്നുവെന്നുമുള്ള വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. കരാർ ലഭിക്കാൻ 4.48 കോടി രൂപ കമ്മീഷനായി നൽകിയെന്ന് കേസിൽ നേരത്തെ അറസ്റ്റിലായ യൂണിടാക് എംഡി സന്തോഷ് ഈപ്പൻ സിബിഐക്ക് മൊഴി നൽകിയിരുന്നു.
യുഎഇ കോൺസുലേറ്റ് വഴി റെഡ് ക്രസന്‍റ് അനുവദിച്ച 18.50 കോടി രൂപയിൽ 14.50 കോടി രൂപ ചെലവിൽ വടക്കാഞ്ചേരിയിൽ 140 ഫ്ലാറ്റുകൾ നിർമ്മിക്കാനാണ് പദ്ധതി തയ്യാറാക്കിയത്. ബാക്കി തുക ഉപയോഗിച്ച് ആരോഗ്യകേന്ദ്രം പണിയുമെന്നായിരുന്നു കരാർ. 2019 ജൂലൈ 11നാണ് കരാർ ഒപ്പിട്ടത്. പദ്ധതിയുടെ പേരിൽ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നയ്ക്ക് 4.48 കോടി രൂപ കൈക്കൂലി നൽകിയെന്ന് സന്തോഷ് ഈപ്പൻ സമ്മതിച്ചിരുന്നു.