തിരുവല്ല: ഇന്ത്യൻ ഭരണഘടനയെ ആക്ഷേപിക്കുന്ന തരത്തിൽ പ്രസംഗിച്ചതിന്‍റെ പേരിൽ മന്ത്രിസ്ഥാനം രാജിവച്ച സജി ചെറിയാനെതിരായ പരാതിയിൽ പൊലീസ് ഇന്ന് കേസെടുത്തേക്കും. പ്രസംഗത്തിന്‍റെ പേരിൽ സജി ചെറിയാനെതിരെ കേസെടുക്കാൻ തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി കീഴാവനൂർ സ്റ്റേഷൻ ഹൗസ് ഓഫീസറോട് ഉത്തരവിട്ടിരുന്നു. കൊച്ചി സ്വദേശി ബൈജു നോയൽ നൽകിയ ഹർജിയിലാണ് നടപടി. കോടതി നിർദ്ദേശം ലഭിച്ച് 24 മണിക്കൂറിനകം നടപടി സ്വീകരിക്കേണ്ടതിനാൽ ഇന്ന് തന്നെ കേസ് രജിസ്റ്റർ ചെയ്യാനാണ് സാധ്യത.
തിരുവല്ല ഡിവൈ.എസ്.പി ടി.രാജപ്പൻ റാവുത്തർക്കാണ് അന്വേഷണച്ചുമതല. പരാതിയുടെ ഉള്ളടക്കവും പ്രസംഗത്തിന്‍റെ സിഡിയും നിയമോപദേശത്തിനായി പബ്ലിക് പ്രോസിക്യൂട്ടർക്ക് കൈമാറിയതായി ടി.രാജപ്പൻ റാവുത്തർ പറഞ്ഞു.
പ്രസംഗത്തിന്‍റെ പൂർണരൂപം ലഭിച്ചാൽ മാത്രമേ നിയമോപദേശം നൽകാനാകൂവെന്ന് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ എ.സി.ഈപ്പൻ പൊലീസിനെ അറിയിച്ചു. നിയമോപദേശം ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കാനാണ് പൊലീസിന്‍റെ തീരുമാനം. വിവാദ പ്രസംഗത്തിൽ നടപടി ആവശ്യപ്പെട്ട് ഒമ്പത് പരാതികൾ കൂടി ഡി.വൈ.എസ്.പിക്ക് ലഭിച്ചിട്ടുണ്ട്.