കൊച്ചി: പീഡനക്കേസിലെ മുൻകൂർ ജാമ്യാപേക്ഷ ശരിവച്ച ഹൈക്കോടതി വിധിയിൽ പ്രതികരണവുമായി പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളി. കേസ് വ്യാജമാണെന്നും കോടതിയിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും എൽദോസ് പറഞ്ഞു.
ജാമ്യം അനുവദിച്ചതോടെ അന്വേഷണ വിധേയമായി പാർട്ടി സസ്പെൻഡ് ചെയ്ത നടപടിയിൽ വ്യത്യസ്ത തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ഇക്കാര്യം പാര്‍ട്ടിയെ ബോധ്യപ്പെടുത്തും. തന്നെ പിന്തുണയ്ക്കുകയും എതിർക്കുകയും ചെയ്തവരോട് നന്ദിയുണ്ടെന്നും രണ്ടും കൂടിച്ചേരുമ്പോഴാണ് സത്യം പുറത്ത് വരികയെന്നും അദ്ദേഹം പറഞ്ഞു.
എൽദോസ് കുന്നപ്പിള്ളിയുടെ ജാമ്യാപേക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാരും പരാതിക്കാരിയും നൽകിയ ഹർജി തള്ളിക്കൊണ്ടായിരുന്നു കോടതി ഉത്തരവ്. ജസ്റ്റിസ് കൗസർ എടപ്പഗത്താണ് ഹർജി പരിഗണിച്ചത്.