ന്യൂഡൽഹി: ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസത്തിന്‍റെ പേരിൽ പിരിച്ചെടുത്ത 13 കോടി രൂപ ദുരുപയോഗം ചെയ്തെന്നാരോപിച്ച് പരിസ്ഥിതി, സാമൂഹിക പ്രവർത്തകയും നർമ്മദ ബച്ചാവോ മൂവ്മെന്‍റ് സ്ഥാപകയുമായ മേധാ പട്കറിനും മറ്റ് 11 പേർക്കുമെതിരെ മധ്യപ്രദേശ് പൊലീസ് കേസെടുത്തു. പ്രീതം രാജ് ബദോലെ എന്നയാളുടെ പരാതിയിലാണ് നടപടി.
‘നർമ്മദ നവനിർമ്മാൺ അഭിയാൻ ട്രസ്റ്റ്’ പിരിച്ചെടുത്ത പണം ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതായി പരാതിയിൽ പറയുന്നു. ബർവാനി ജില്ലയിൽ ഐപിസി സെക്ഷൻ 420 പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നർമ്മദ നവനിർമ്മാൺ അഭിയാൻ ട്രസ്റ്റിന്‍റെ ട്രസ്റ്റിയാണ് മേധ പട്കർ.
മധ്യപ്രദേശിലെയും മഹാരാഷ്ട്രയിലെയും ആദിവാസി കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതിനായി പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തകയെന്ന വ്യാജേന മേധാ പട്കർ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതായി പരാതിയിൽ പറയുന്നു. അതേസമയം ആരോപണങ്ങൾ നിഷേധിച്ച മേധ പട്കർ, പോലീസിൽ നിന്ന് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും എല്ലാ ആരോപണങ്ങൾക്കും മറുപടി നൽകാൻ തയ്യാറാണെന്നും പറഞ്ഞു.