കൊച്ചി: മന്ത്രി ആന്‍റണി രാജുവിനെതിരായ തൊണ്ടിമുതല്‍ കേസിലെ വിചാരണ വൈകുന്നതിൽ ഹൈക്കോടതി വിശദീകരണം തേടി. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയോടാണ് വിശദീകരണം തേടിയത്.
2014ൽ കോടതിയുടെ പരിഗണനയിൽ വന്ന കേസിൽ ഇത്രയും കാലം എന്തുകൊണ്ട് തുടർനടപടികൾ സ്വീകരിച്ചില്ലെന്ന് ഹൈക്കോടതി ചോദിച്ചു. ഇതുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ വിമർശനം.
കേസ് നിലനിൽക്കില്ലെന്ന് സർക്കാർ അഭിഭാഷകൻ ഹൈക്കോടതിയിൽ വാദിച്ചെങ്കിലും മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് വിശദീകരണം ലഭിച്ച ശേഷം ഇക്കാര്യം പരിഗണിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഹർജിക്കാരൻ മറ്റ് താൽപ്പര്യങ്ങളുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചെങ്കിലും ഹർജിയിൽ വസ്തുതയുണ്ടെന്ന് ഹൈക്കോടതി വിലയിരുത്തി. രണ്ടാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും വിശദമായി പരിഗണിക്കും.