തായ്ലാൻഡ് : ഈ മാസം 9 നാണ് തായ്ലൻഡിൽ കഞ്ചാവ് കൃഷി നിയമവിധേയമാക്കിയത്. ആരോഗ്യമന്ത്രി അനുതിൻ ചൺവിരകുളാണ് ഇതിന് ചുക്കാൻ പിടിച്ചവരിൽ മുന്നിൽ ഉള്ളത്.ആരോഗ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജിൽ കയറിയാൽ കാണുന്നത് കഞ്ചാവ് ഇലയും ചെടിയുമൊക്കെ പിടിച്ചുകൊണ്ട് നിൽക്കുന്ന ചിത്രങ്ങൾ, കഞ്ചാവ് കൊണ്ടുള്ള പലതരം ഭക്ഷണ വിഭവങ്ങൾ എന്നിവയാണ്. ഇദ്ദേഹം ഒരു പൈലറ്റാണ്. സിനോ-തായ് എഞ്ചിനീയറിങ് ആൻഡ് കൺസ്ട്രക്ഷൻ പ്രസിഡൻ്റായ അനുടിൻ തായ് സോളാർ എനർജി പബ്ലിക്ക് കോ. ലിമിറ്റഡിൻ്റെ ബോർഡ് അംഗം കൂടിയായിരുന്നു. പക്ഷേ, കഞ്ചാവ് നിയമവിധേയമാക്കാനുള്ള ശ്രമങ്ങളാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്.
2019 ലെ തിരഞ്ഞെടുപ്പിൽ, അനുദിൻ കഞ്ചാവ് നിയമവിധേയമാക്കുക എന്നത് തന്റെ പാർട്ടിയുടെ പ്രധാന അജണ്ടയായി തിരഞ്ഞെടുത്തു. രാജ്യത്തിന്റെ വടക്കുകിഴക്കൻ ഭാഗങ്ങളിൽ താമസിക്കുന്ന പാവപ്പെട്ട കർഷകരെ സാമ്പത്തികമായി സുരക്ഷിതരാക്കാനുള്ള ശ്രമം കൂടിയായിരുന്നു ഇതിന് പിന്നിൽ. അവർ നെല്ലും കരിമ്പും കൃഷി ചെയ്യുകയും കാലാകാലങ്ങളായി മോശം ജീവിതസാഹചര്യങ്ങളിൽ ജീവിക്കുകയും ചെയ്യുന്നു. കഞ്ചാവ് നിയമവിധേയമാക്കിയാൽ, ഈ കർഷകർക്ക് അത് ധനസമ്പാദനത്തിനുള്ള ഒരു പ്രധാന മാർഗമായി ഉപയോഗിക്കാമെന്ന് അനുതിൻ വാദിച്ചു. കഞ്ചാവ് നിയമവിധേയമാക്കുന്നതിന്റെ ചികിത്സാപരമായ പ്രയോജനങ്ങളും അദ്ദേഹം അവതരിപ്പിച്ചു. കഞ്ചാവുമായി ബന്ധപ്പെട്ട ടൂറിസം ധനസമ്പാദനത്തിനുള്ള ഒരു മാർഗമാണ്. മൂന്ന് വർഷത്തെ പോരാട്ടത്തിനൊടുവിലാണ് അനുദിൻ തന്റെ ലക്ഷ്യം കൈവരിച്ചത്.