Spread the love

കണ്ണമ്പ്ര: ആൺകുട്ടികൾ പൊതുവേ മുടിവളർത്താറുള്ളത് ചെത്തിനടക്കാനാണ്. പക്ഷേ, ആറാംക്ലാസുകാരൻ ടി.എസ്. സമന്വയിന് മറ്റൊരു ഉദ്ദേശമാണുള്ളത്. കഴിഞ്ഞ രണ്ടുവർഷമായി സമന്വയ് മൂടി നീട്ടിവളർത്തുകയാണ്. എന്തിനാണെന്ന് ചോദിച്ചാൽ, കാൻസർ രോഗികൾക്ക് മുറിച്ചുനൽകാൻ. ഇതിനു കാരണമായതാവട്ടെ അച്ഛനമ്മമാരും. കോവിഡ് അടച്ചിടൽ തുടങ്ങിയപ്പോൾ ഒരു കൗതുകത്തിനായി മുടി കഴുത്തൊപ്പംവരെ വളർത്തിയതാണ് തുടക്കം. എങ്കിൽപ്പിന്നെ അൽപ്പംകൂടി വളർത്തി കാൻസർ രോഗികൾക്ക് നൽകിക്കൂടേ എന്നായി അച്ഛനും അമ്മയും. അങ്ങനെ സമന്വയ് മുടി വളർത്തിത്തുടങ്ങി. ശ്രദ്ധയോടെ പരിപാലിച്ചു. കോവിഡ് കഴിഞ്ഞ് സ്‌കൂൾ തുറന്നപ്പോൾ, മുടി നീട്ടിവളർത്തി സ്‌കൂളിൽപ്പോകാനുള്ള മടികാരണം പോയില്ല. ഓൺലൈൻ ക്ലാസിലൂടെ പഠനംതുടർന്നു. കാര്യമറിഞ്ഞപ്പോൾ സ്‌കൂളധികൃതരുടെ വക ഫുൾ സപ്പോർട്ട്. ഒടുവിൽ പരീക്ഷയെഴുതാനായി, നീട്ടിവളർത്തിയ മുടിയുമായിത്തന്നെ സമന്വയ് സ്‌കൂളിലെത്തി. ഇപ്പോൾ മുറിച്ചുകൊടുക്കാൻ പാകത്തിൽ മുടി നീണ്ടതിനാൽ ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ മുടിമുറിച്ച് തൃശ്ശൂർ അമല ആശുപത്രിയിൽ ഏല്പിക്കാനാണ് തീരുമാനം. മുടി വളർത്തിയപ്പോൾ ചിലർ കളിയാക്കിയെങ്കിലും അതൊക്കെ ഇവർ ചിരിച്ചുതള്ളി.

By newsten