Spread the love

ഇന്നത്തെ മന്ത്രിസഭാ യോഗം സംസ്ഥാനത്തെ മഴക്കെടുതികളും ദുരന്ത നിവാരണ പ്രവർത്തനങ്ങളും വിലയിരുത്തും. ഓൺലൈനായാണ് യോഗം നടക്കുക.
ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മന്ത്രിമാർ വിവിധ ജില്ലകളിൽ തങ്ങുന്നതിനാലാണ് യോഗം ഓൺലൈൻ ആയി നടത്തുന്നത്.

നിലവിൽ സ്വീകരിച്ച പ്രതിരോധ നടപടികളും അപകടസാധ്യതകളും മന്ത്രിമാർ യോഗത്തെ അറിയിക്കും. ഉയർന്ന അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ കൂടുതൽ ദുരന്ത നിവാരണ സംഘങ്ങളെ വിന്യസിക്കുന്നതും കൂടുതൽ കേന്ദ്ര സേനയുടെ സഹായം തേടുന്നതും ഇന്നത്തെ യോഗം ചർച്ച ചെയ്യും.

അതേസമയം, സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 10 ജില്ലകളിൽ റെഡ് അലർട്ടും നാലു ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

By newsten