സ്വയം വിവാഹം കഴിക്കാൻ തീരുമാനിച്ച ക്ഷമ ബിന്ദുവിനെതിരെ വിമർശനവുമായി ബിജെപി അഹമ്മദാബാദ് സിറ്റി യൂണിറ്റിന്റെ ഡെപ്യൂട്ടി ചീഫ് സുനിത ശുക്ല. ഒരു ക്ഷേത്രത്തിൽ വച്ച് വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെങ്കിൽ താൻ അത് അംഗീകരിക്കില്ലെന്ന് സുനിത ശുക്ല പറഞ്ഞിരുന്നു. ഇത്തരം വിവാഹങ്ങൾ ഹിന്ദുമതത്തിന് എതിരാണെന്നും ബിന്ദുവിന് മാനസികാസ്വാസ്ഥ്യമുണ്ടെന്നും ശുക്ല കൂട്ടിച്ചേർത്തു.
“ഹിന്ദു സംസ്കാരത്തിൽ ഒരിടത്തും ഒരു ആൺകുട്ടിക്ക് ആൺകുട്ടിയെ വിവാഹം കഴിക്കാം അല്ലെങ്കിൽ ഒരു പെൺകുട്ടിക്ക് ഒരു പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന് എഴുതിയിട്ടില്ല,” അവർ പറഞ്ഞു. “അത്തരമൊരു വിവാഹത്തിന് ക്ഷേത്രം പോലുള്ള സ്ഥലങ്ങൾ തിരഞ്ഞെടുത്താൽ, ഞങ്ങൾ അവരെ തടയും. അവളെ ഒരു ക്ഷേത്രത്തിലും വിവാഹം കഴിക്കാൻ അനുവദിക്കില്ല. ഇത്തരം വിവാഹങ്ങൾ ഹിന്ദുമതത്തിന് എതിരാണ്. ഇത് ഹിന്ദുക്കളുടെ ജനസംഖ്യ കുറയ്ക്കും. മതത്തിന് എതിരായി എന്തെങ്കിലും സംഭവിച്ചാൽ ഒരു നിയമവും നിലനിൽക്കില്ല.’ അതേ സമയം ജൂണ്‍ 11ന് ഹിന്ദു ആചാരപ്രകാരം താന്‍ സ്വയം വിവാഹം ചെയ്യുമെന്നാണ് ക്ഷമ അറിയിച്ചിരിക്കുന്നത്.
സ്വയം വിവാഹം കഴിക്കാൻ ഒരുങ്ങുന്ന ക്ഷമ ബിന്ദു സാമൂഹിക ശാസ്ത്രത്തിൽ ബിരുദം നേടിയ അഹമ്മദാബാദ് സ്വദേശിനിയാണ്. 24 കാരിയായ താരം ഇപ്പോൾ ഒരു സ്വകാര്യ കമ്പനിയിൽ സീനിയർ റിക്രൂട്ട്മെൻറ് ഓഫീസറായി ജോലി ചെയ്യുകയാണ്. ക്ഷമയുടെ മാതാപിതാക്കൾ രണ്ടുപേരും എഞ്ചിനീയർമാരാണ്. അച്ഛൻ ദക്ഷിണാഫ്രിക്കയിലും അമ്മ അഹമ്മദാബാദിലുമാണ് ജോലി ചെയ്യുന്നത്. മിക്ക പെൺകുട്ടികളും ഒരു വരൻ കുതിരപ്പുറത്ത് വന്ന് അവരെ കൊണ്ടുപോകുമെന്ന് സ്വപ്നം കാണുമ്പോൾ, ക്ഷമ തൻറെ വരനെ തന്നിൽ തന്നെ കണ്ടെത്തിയതായി അവകാശപ്പെടുന്നു. അവൾക്ക് തന്നോടുതന്നെ തോന്നിയ സ്നേഹമാണ് മറ്റൊരാളെ വിവാഹം കഴിക്കുന്നതിൽ നിന്ന് അവളെ പിന്തിരിപ്പിച്ചത്.