Spread the love

ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലുണ്ടായ വാഹനാപകടത്തിൽ 26 പേർ മരിച്ചു. മധ്യപ്രദേശിലെ പന്നയിൽ നിന്ന് 28 തീർത്ഥാടകരുമായി വന്ന മിനി ബസ് ദംതയ്ക്ക് സമീപം തോട്ടിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. അതേസമയം, മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

യമുനോത്രി ദേശീയപാതയിൽ ദംത റിഖോൺ ഖാഡിന് സമീപമാണ് അപകടമുണ്ടായത്. ബസ് നിയന്ത്രണം വിട്ട് 200 മീറ്റർ താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. പ്രാദേശിക ഭരണകൂടവും എസ്ഡിആർഎഫ് സംഘങ്ങളും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. എൻഡിആർഎഫ് സംഘവും എത്തുന്നുണ്ട്. ഇതുവരെ 26 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

യാത്രക്കാരെല്ലാം മധ്യപ്രദേശിലെ പന്ന ജില്ലയിൽ നിന്നുള്ളവരാണ്. മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണ്. അതേസമയം, മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ദുരന്ത കൺട്രോൾ റൂമിൽ എത്തി. പരിക്കേറ്റവർക്ക് ശരിയായ ചികിത്സ നൽകാൻ നിർദ്ദേശം നൽകി. അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി.

By newsten