ഉത്തർ പ്രദേശ്: ഉത്തർപ്രദേശ് സർക്കാരിന്റെ കയ്യേറ്റ വിരുദ്ധ യജ്ഞം ചട്ടങ്ങൾ പാലിച്ച് നടത്തണമെന്ന് സുപ്രീം കോടതി. പൊളിക്കൽ തടയണമെന്ന ഹർജിക്കാരന്റെ ആവശ്യം തള്ളി. സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാരിന് മൂന്ന് ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. അടുത്ത ചൊവ്വാഴ്ച കോടതി കേസ് വീണ്ടും പരിഗണിക്കും.
മുസ്ലിം സംഘടനയായ ജമാഅത്ത് ഉലമ-ഇ-ഹിന്ദ് സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. പൊളിക്കൽ പ്രക്രിയയിൽ നിയമം പാലിക്കാൻ ഉത്തർപ്രദേശ് സർക്കാരിന് നിർദ്ദേശം നൽകണമെന്നും നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹർജി. ഒരു മതത്തെ ലക്ഷ്യമിട്ടാണ് ഈ നീക്കമെന്നാണ് ഹർജിക്കാരുടെ വാദം. ജസ്റ്റിസുമാരായ ബൊപ്പണ്ണ, വിക്രംനാഥ് എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്.
വീട് പൊളിക്കപ്പെട്ടവർ എന്തുകൊണ്ട് കോടതിയിൽ എത്തുന്നില്ലെന്ന് കോടതി ചോദിച്ചു. പൊളിക്കലിന് സ്റ്റേ അനുവദിക്കാനാവില്ലെന്നും നോട്ടീസ് നൽകാതെ കെട്ടിടങ്ങൾ പൊളിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. സർക്കാർ രാജ്യസുരക്ഷ ഉറപ്പാക്കണം. ഇവ പ്രതികാര നടപടികളാണെന്ന് മാധ്യമ റിപ്പോർട്ടുകൾ ഉണ്ടെന്നും, അവ ശരിയോ തെറ്റോ ആവാമെന്നും കോടതി നിരീക്ഷിച്ചു.