വണ്ടൂർ: റെസിഡൻഷ്യൽ ഏരിയകൾ ബഫർ സോണിൽ ഉൾപ്പെടുത്താൻ സർക്കാരുകൾ ശ്രമിച്ചാൽ പല്ലും നഖവും ഉപയോഗിച്ച് അതിനെ എതിർക്കുമെന്ന് രാഹുൽ ഗാന്ധി എംപി. ബഫർ സോണിൻറെ പേരിൽ ഒരു വ്യക്തി പോലും കുടിയിറങ്ങേണ്ട ആവശ്യമില്ലെന്നും ഉറപ്പാക്കും. എന്നാൽ ഇക്കാര്യത്തിൽ ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കാനാണ് കേരള മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിദ്വേഷത്തിൻറെ അന്തരീക്ഷം സൃഷ്ടിച്ച് രാജ്യത്തെ വിഭജിക്കാൻ നരേന്ദ്ര മോദിയും ബിജെപിയും കേന്ദ്ര സർക്കാരും എത്രമാത്രം ശ്രമിക്കുന്നുവോ അത്രത്തോളം ജനങ്ങളെ ഒന്നിപ്പിക്കാൻ നാം തയ്യാറാവണമെന്നും വണ്ടൂരിൽ കോണ്ഗ്രസ് സംഘടിപ്പിച്ച ഐക്യദാർഢ്യ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
ഡി.സി.സി പ്രസിഡൻറ് വി.എസ്.ജോയി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, കെ പി സി സി പ്രസിഡൻറ് കെ സുധാകരൻ, നേതാക്കളായ രമേശ് ചെന്നിത്തല, എ പി അനിൽ കുമാർ, വിശ്വനാഥ് പെരുമാൾ, ജെ ബി മേത്തർ, പി സി വിഷ്ണുനാഥ്, അന്‍വര്‍ സാദത്ത്, ആര്യാടൻ ഷൗക്കത്ത്, ആലിപ്പറ്റ ജമീല, എൻ എ കരീം തുടങ്ങിയവർ പങ്കെടുത്തു.