തിരുവനന്തപുരം: സുപ്രീംകോടതി വിധിയില്‍ നിര്‍ദ്ദേശിച്ച പ്രകാരം വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ഒരു കി.മീ പരിധിയില്‍ വരുന്ന സ്ഥാപനങ്ങള്‍, വീടുകള്‍, മറ്റ് നിര്‍മ്മാണങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച വ്യക്തമായ വിവരങ്ങള്‍ ശേഖരിക്കുന്നതിനും ഇതിനായി ഫീല്‍ഡ് പരിശോധന നടത്തുന്നതിനുമായി വിദഗ്ധ സമിതി രൂപീകരിച്ചതായി വനം മന്ത്രി എ.കെ ശശീന്ദ്രന് അറിയിച്ചു. ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന് ചെയര്മാന് ആയിട്ടുള്ള സമിതിയില്‍ പരിസ്ഥിതി വകുപ്പിലെയും തദ്ദേശസ്വയം ഭരണ വകുപ്പിലെയും അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍, വനം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, മുന്‍ വനം വകുപ്പ് മേധാവി ശ്രീ. ജയിംസ് വര്‍ഗീസ് ഐ.എഫ്.എസ്(റിട്ട) എന്നിവരാണ് മറ്റ് അംഗങ്ങള്‍. ഈ സമിതിയ്ക്ക് സാങ്കേതിക സഹായം നല്‍കുന്നതിനായി സാങ്കേതിക വിദഗ്ധരുടെ ഒരു സമിതിയും രൂപീകരിച്ചിട്ടുണ്ട്.
നേരത്തെ കേരള സ്റ്റേറ്റ് റിമോട്ട് സെൻസിംഗ് ആൻഡ് എന്വിയോണ്മെന്റല് സെന്റർ തയ്യാറാക്കി സമർപ്പിച്ച ഫീൽഡ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം അവലോകനം ചെയ്തിരുന്നു. ഈ റിപ്പോർട്ട് ഉൾപ്പെടെ പരിശോധിച്ച് ആവശ്യമായ ഫീൽഡ് പരിശോധന നടത്തിയ ശേഷമായിരിക്കും അന്തിമ റിപ്പോർട്ട് സുപ്രീം കോടതിയിൽ സമർപ്പിക്കുക. ഒരു കിലോമീറ്റർ ബഫർ സോണിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിലെ ജനസാന്ദ്രതയെക്കുറിച്ചും ബഫർ സോൺ നടപ്പാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകളെക്കുറിച്ചും സുപ്രീം കോടതിയെ അറിയിക്കാൻ സമിതിയുടെ റിപ്പോർട്ട് ഉപയോഗിക്കാമെന്ന് വനംമന്ത്രി ശശീന്ദ്രൻ പറഞ്ഞു.