ചെന്നൈ: കള്ളക്കുറിച്ചിയില്‍ ദുരൂഹസാഹചര്യത്തിൽ മരിച്ച പ്ലസ് ടു വിദ്യാർത്ഥിനിയുടെ മൃതദേഹം ബന്ധുക്കൾ ഏറ്റെടുത്ത് സംസ്കരിച്ചു. പെൺകുട്ടിയുടെ സ്വദേശമായ കടലൂര്‍ പെരിയനെസലൂര്‍ ഗ്രാമത്തിലാണ് ശനിയാഴ്ച രാവിലെ അന്ത്യകർമ്മങ്ങൾ നടന്നത്.
മൃതദേഹം ശനിയാഴ്ച ഏറ്റെടുക്കുമെന്ന് പെൺകുട്ടിയുടെ പിതാവ് ഇന്നലെ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. രാവിലെ 6.50 ഓടെ പെൺകുട്ടിയുടെ ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി കടലൂരിലേക്ക് കൊണ്ടുപോയി. ശവസംസ്കാരച്ചടങ്ങിൽ നിരവധി പേർ പങ്കെടുത്തു. മന്ത്രി സി.വി. ഗണേശൻ ഉൾപ്പെടെ നിരവധി രാഷ്ട്രീയ നേതാക്കൾ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തു. കനത്ത പോലീസ് സന്നാഹവും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. ശവസംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവരെ വിവരം ആരാഞ്ഞശേഷമാണ് പൊലീസ് ഗ്രാമത്തിലേക്ക് കടത്തിയത്.
ശവസംസ്കാരത്തിന് സുരക്ഷ ഒരുക്കാൻ ഹൈക്കോടതി കഴിഞ്ഞ ദിവസം പൊലീസിന് നിർദ്ദേശം നൽകിയിരുന്നു. മൃതദേഹം ഏറ്റുവാങ്ങുന്നതുമുതല്‍ സംസ്‌കരിക്കുന്നവരെ കനത്തസുരക്ഷയുണ്ടാകണമെന്നും ജില്ലാ ഭരണകൂടം ആവശ്യമായ സഹായം നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു.