വാഷിങ്ടൻ: ബി.ജെ.പി നേതാക്കളുടെ പ്രവാചകനിന്ദയിൽ അപലപിച്ച് അമേരിക്കയും. അപകീർത്തികരമായ പരാമർശങ്ങൾക്കെതിരെ ബിജെപി പരസ്യമായി അപലപിച്ചതിൽ സന്തോഷമുണ്ടെന്നും അമേരിക്ക വ്യക്തമാക്കി. മുസ്ലീം രാജ്യങ്ങളിൽ നിന്നടക്കം വ്യാപക പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് അമേരിക്കയും വിമർശനവുമായി രംഗത്തെത്തിയത്.
“പ്രവാചകനെതിരെ രണ്ട് ബിജെപി നേതാക്കൾ നടത്തിയ അപകീർത്തികരമായ പരാമർശങ്ങളെ ഞങ്ങൾ അപലപിക്കുന്നു. നേതാക്കളുടെ പ്രസ്താവനകളെ പാർട്ടി പരസ്യമായി അപലപിച്ചുവെന്നത് സന്തോഷമുണ്ടാക്കുന്നു. മതസ്വാതന്ത്ര്യവും വിശ്വാസവും ഉൾപ്പെടെയുള്ള മനുഷ്യാവകാശ വിഷയങ്ങളിൽ ഉന്നതതലത്തിൽ ഇന്ത്യാ ഗവൺമെൻ്റുമായി ഞങ്ങൾ നിരന്തരം ബന്ധപ്പെടുന്നുണ്ട്. മനുഷ്യാവകാശങ്ങളോടുള്ള ബഹുമാനം ഇന്ത്യ പ്രോത്സാഹിപ്പിക്കണം”. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് നെഡ് പ്രൈസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മുൻ ബിജെപി വക്താവ് നൂപുർ ശർമയുടെ ചാനൽ ചർച്ചയ്ക്കിടെയുള്ള പരാമർശമാണ് വിവാദമായത്. വിവാദത്തെ തുടർന്ന് നൂപുർ ശർമയെ ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും ഡൽഹി ഘടകത്തിൻ്റേ മാധ്യമ വിഭാഗത്തിൻ്റെ ചുമതലയുള്ള നവീൻ കുമാർ ജിൻഡാലിനെ പുറത്താക്കുകയും ചെയ്തിരുന്നു. താൻ ആരുടെയും മതവികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചില്ലെന്നും തൻ്റെ മതവിശ്വാസത്തെ വ്രണപ്പെടുത്തിയപ്പോഴാണ് പരാമർശം നടത്തിയതെന്നും നൂപുർ ശർമ പിന്നീട് വ്യക്തമാക്കി.