വി ഡി സതീശൻ ആർഎസ്എസ് പരിപാടിയിൽ പങ്കെടുക്കുന്ന ചിത്രം പങ്കുവച്ച് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് സദാനന്ദൻ മാസ്റ്റർ. ചിത്രങ്ങൾ ഫേസ്ബുക്കിലാണ് ഷെയർ ചെയ്തത്. 2013 മാർച്ച് 24ന് ഭാരതീയ വിചാരകേന്ദ്രം പരിപാടിയില്‍ പങ്കെടുക്കുന്നതാണ് ചിത്രം. സതീശന്‍ ഇപ്പോള്‍ ആര്‍ക്ക് വേണ്ടി വേഷം കെട്ടുന്നുവെന്നും സദാനന്ദന്‍ മാസ്റ്റര്‍ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് ചോദിച്ചു.
അന്ന് എം.എൽ.എ മാത്രമായിരുന്ന വി.ഡി സതീശൻ മുഖ്യാതിഥിയായിരുന്നു. ആർ.എസ്.എസ് പ്രചാരക് ജെ.നന്ദകുമാർ, അന്നത്തെ വിചാരകേന്ദ്രം സംഘടനാ കാര്യദര്‍ശി ആർ.എസ്.എസ് പ്രചാരക് കാ ഭാ സുരേന്ദ്രൻ തുടങ്ങിയവർ വേദിയിൽ സന്നിഹിതരായിരുന്നു. ചടങ്ങ് ഉദ്ഘാടനം ചെയ്ത ഇന്നത്തെ നമ്മുടെ പ്രതിപക്ഷ നേതാവ് 20 മിനിറ്റ് നീണ്ട പ്രസംഗത്തിൽ വിചാര കേന്ദ്രം പ്രതിനിധാനം ചെയ്യുന്ന ഭാരതീയ ദര്‍ശനങ്ങളെക്കുറിച്ചും സ്വാമി വിവേകാനന്ദനെക്കുറിച്ചും സാത്വിക പ്രതിഭയായ പരമേശ്വര്‍ജിയെക്കുറിച്ചുമൊക്കെ മനോഹരമായി പ്രതിപാദിച്ചു. കപട മതേതരത്വത്തെക്കുറിച്ച് അൽപം തോണ്ടാനും അദ്ദേഹം മറന്നില്ല. ആത്മാവിഷ്‌ക്കാരമായി പുറത്തു വന്ന ആ വാക്കുകള്‍ കേട്ട് ഞങ്ങളൊക്കെ ഏറെ സന്തോഷിച്ചുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പറഞ്ഞു.
എന്തിനാണ് സതീശൻ ഭാരതീയ വിചാരകേന്ദ്രത്തിന്‍റെ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സ്വീകരണം സ്വീകരിച്ചത്? ജെ നന്ദകുമാറിനൊപ്പം കേസരി ആഴ്ചപ്പതിപ്പിന്‍റെ ചടങ്ങിൽ പങ്കെടുത്ത ലീഗ് നേതാവ് കെഎൻഎ ഖാദറിനെ അപമാനിച്ചവരിൽ സതീശനും ഉൾപ്പെടുന്നു. സതീശന് ‘വെറുക്കപ്പെട്ട’ സംഘടനയായ ആർ.എസ്.എസും വിചാരകേന്ദ്രവും തമ്മിലുള്ള ബന്ധം അറിയില്ലേ? എന്തിനു വേണ്ടിയാണ് ഈ വേഷം കെട്ടുന്നത്? എന്തിനാണ് ഈ ആത്മവഞ്ചന? എപ്പോഴാണ് നിങ്ങൾ എല്ലാവരും ആർഎസ്എസിനെ ശരിയായി മനസ്സിലാക്കുന്നത്? അതോ അറിഞ്ഞിട്ടും മറ്റു പലതിനും വേണ്ടി പൊട്ടന്‍ കളിക്കുകയാണോയെന്നും അദ്ദേഹം ചോദിച്ചു.