ഭരണഘടനയെ ഭാരതീയവത്കരിക്കണമെന്ന് ബി.ജെ.പി നേതാവ് പി.കെ കൃഷ്ണദാസ് പറഞ്ഞു. സജി ചെറിയാൻ ഭരണഘടനയുടെ അസ്തിത്വത്തെ തന്നെ തള്ളിപ്പറഞ്ഞു. ജനാധിപത്യത്തിന്‍റെ ആനുകൂല്യത്തിൽ ഭരണഘടനയെ തൊട്ട് പ്രതിജ്ഞയെടുത്ത ശേഷം അദ്ദേഹം ജനാധിപത്യത്തെയും ഭരണഘടനയെയും തള്ളിപ്പറഞ്ഞു. എന്നാൽ ഗുരുജി ഭരണഘടനയെ തള്ളിപ്പറഞ്ഞിട്ടില്ലെന്നും അത് ബ്രിട്ടീഷുകാർ ഉണ്ടാക്കിയതാണെന്ന് അദ്ദേഹം പറഞ്ഞിട്ടില്ലെന്നും ഭരണഘടനയുടെ ശിൽപികളോട് അങ്ങേയറ്റം ബഹുമാനം പുലർത്തിയിട്ടുണ്ടെന്നും കൃഷ്ണദാസ് പറഞ്ഞു.
ജനങ്ങളിൽ നിന്ന് ആവശ്യം ഉയരുന്നത് അനുസരിച്ച്, ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങളിൽ മാറ്റം വരുത്താതെ കാലാകാലങ്ങളിൽ ഭേദഗതികൾ ആവശ്യമാണ്. മതപരമായ കാര്യങ്ങളിൽ സർക്കാർ ഇടപെടാൻ പാടില്ലെന്നും മതങ്ങൾ സർക്കാർ കാര്യങ്ങളിൽ ഇടപെടരുതെന്നും ഉള്ളതാണ് യഥാർഥ മതേതരത്വം. എന്നാൽ നിലവിൽ ഇന്ത്യയിൽ സർക്കാരുകൾ മതപരമായ കാര്യങ്ങളിൽ ഇടപെടുകയും മതത്തിന്‍റെ അടിസ്ഥാനത്തിൽ സംവരണം നൽകുകയും ചെയ്യുന്നുവെന്ന് കൃഷ്ണദാസ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.