ചെന്നൈ: പ്രിയങ്ക ഗാന്ധിയുടെ മകൾക്കൊപ്പമുള്ള രാഹുൽ ഗാന്ധിയുടെ ചിത്രം പങ്കുവച്ച് അപകീർത്തികരമായ പരാമർശം നടത്തി ബിജെപി നേതാവ്. തമിഴ്നാട് ബിജെപി ഐടി സെൽ മേധാവി നിർമ്മൽ കുമാറിന്റെ ട്വീറ്റ് പ്രതിഷേധത്തിന് ഇടയാക്കി. രാഹുലിന്റെ അനന്തരവൾ മിരായ വദ്രയ്ക്കൊപ്പമുള്ള പഴയ ചിത്രമാണ് നേതാവ് പങ്കുവെച്ചത്.
ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് കൊണ്ടായിരുന്നു ബിജെപി നേതാവിന്റെ ട്വിറ്റ്. രാഹുൽ മിരായയുടെ കൈയിൽ പിടിച്ചിരിക്കുന്ന ചിത്രമാണ് ഇതിനൊപ്പം അദ്ദേഹം പങ്കുവെച്ചത്.
‘കുട്ടികളുടെ കയ്യിലെ മൈലാഞ്ചിയില്‍ തൊട്ടുകളിക്കുന്ന പപ്പുവിനൊപ്പം യാത്ര ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കുന്നതുതന്നെ പാപമാണ്’’ എന്നായിരുന്നു വാക്കുകൾ. എന്നാൽ വിവാദമായതോടെ തമിഴിലെ തന്റെ ട്വീറ്റ് തെറ്റിദ്ധരിക്കപ്പെട്ടതാകാം എന്ന വിശദീകരണവുമായി അദ്ദേഹം തന്നെ രംഗത്തെത്തി. ട്വീറ്റ് നീക്കം ചെയ്യുകയും ചെയ്തു.