Spread the love

ന്യൂഡല്‍ഹി: ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ബിജെപിയെ രൂക്ഷമായി വിമർശിച്ച് രംഗത്ത്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ വധിക്കാൻ ബിജെപി ഗൂഢാലോചന നടത്തുകയാണെന്നും ഡൽഹി എംപി മനോജ് തിവാരിക്ക് ഇതിൽ പങ്കുണ്ടെന്നും സിസോദിയ ആരോപിച്ചു. ഗുജറാത്ത് തിരഞ്ഞെടുപ്പിലെയും, ഡൽഹി മുനിസിപ്പൽ തിരഞ്ഞെടുപ്പിലെയും പരാജയം ഭയന്ന് കെജ്രിവാളിനെ വധിക്കാൻ ബിജെപി പദ്ധതിയിടുന്നതായാണ് സിസോദിയ പറഞ്ഞത്. എന്നാൽ ആം ആദ്മി പാർട്ടി ഇത്തരം നീക്കങ്ങളെ ഭയക്കുന്നില്ലെന്നും സിസോദിയ പറഞ്ഞു.

“ഗുജറാത്തിലെയും ഡൽഹിയിലെയും മുനിസിപ്പൽ തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെടുമെന്ന് ഭയന്ന് അരവിന്ദ് കെജ്രിവാളിനെ വധിക്കാൻ ഗൂഢാലോചന നടത്തുകയാണ്. അവരുടെ എംപി മനോജ് തിവാരി കെജ്രിവാളിനെ ആക്രമിക്കാൻ പരസ്യമായി ആഹ്വാനം ചെയ്യുന്നു. അദ്ദേഹമാണ് പദ്ധതി ആസൂത്രണം ചെയ്യുന്നത്. എന്നാൽ എഎപി ഇത്തരം ഭീഷണികളെ ഭയപ്പെടുന്നില്ല. തക്കതായ മറുപടി നൽകും” സിസോദിയ ട്വിറ്ററിൽ കുറിച്ചു.

കെജ്രിവാളിന്‍റെ സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ച് മനോജ് തിവാരി ട്വീറ്റ് ചെയ്തിരുന്നു. അഴിമതിയും മുനിസിപ്പല്‍ തിരഞ്ഞെടുപ്പിലെ ‘സീറ്റ് വില്‍പ്പനയും’ ചൂണ്ടിക്കാട്ടിയായിരുന്നു ട്വീറ്റ്. വ്യാപകമായ അഴിമതിയിലും സുഹൃത്തുക്കൾക്കും ബലാത്സംഗികൾക്കും സീറ്റുകൾ വിൽക്കുന്നതിലും ജനങ്ങളും എഎപി പ്രവർത്തകരും രോഷാകുലരാണ്. കെജ്രിവാളിന്‍റെ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടെന്നും ട്വീറ്റിൽ പറയുന്നു. എഎപി എംഎൽഎയെ പ്രവർത്തകർ കൈകാര്യം ചെയ്തിരുന്നു. അത് ഡൽഹി മുഖ്യമന്ത്രിക്ക് സംഭവിക്കാതിരിക്കട്ടെ എന്നും തിവാരി ഹിന്ദിയിൽ ട്വീറ്റ് ചെയ്തു. ഇതിന് പിന്നാലെയാണ് കൊലപാതക ഗൂഢാലോചന ആരോപിച്ച് സിസോദിയ രംഗത്തെത്തിയത്.

By newsten