Spread the love

ന്യൂഡല്‍ഹി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പരാതിക്കാരിയുടെ ചിത്രം മാധ്യമപ്രവർത്തകർക്ക് ഇ-മെയിൽ ചെയ്ത കന്യാസ്ത്രീകള്‍ക്കെതിരേ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. സിസ്റ്റർ അമലയ്ക്കും സിസ്റ്റർ ആനി റോസിനുമെതിരെയാണ് കേരളം സുപ്രീം കോടതിയിൽ ഹർജി നൽകിയത്. കുറവിലങ്ങാട് പൊലീസ് സ്റ്റേഷനിൽ ഇരുവർക്കുമെതിരെ രജിസ്റ്റർ ചെയ്ത കേസിലെ ഹൈക്കോടതി വിധിക്കെതിരെയാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.

പീഡന പരാതി നൽകിയ കന്യാസ്ത്രീയുടെ ചിത്രവും വിശദാംശങ്ങളും സഹിതം സിസ്റ്റർ അമലയും സിസ്റ്റർ ആനി റോസും മൂന്ന് മാധ്യമപ്രവർത്തകർക്ക് ഇ-മെയിൽ അയച്ചിരുന്നു. എന്നാൽ ഇ-മെയിലിൽ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. പേര് വെളിപ്പെടുത്തിയില്ലെങ്കിലും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 228-എ പ്രകാരം കന്യാസ്ത്രീകളുടെ നടപടി കുറ്റകരമാണെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വിശദീകരിച്ചു.

മാധ്യമങ്ങൾക്ക് അയച്ച ഇ-മെയിലിൽ ചിത്രം ചേർത്തിരുന്നെങ്കിലും അതിജീവിതയുടെ ചിത്രം പ്രസിദ്ധീകരിക്കരുതെന്ന് കന്യാസ്ത്രീകൾ നിർദേശിച്ചിരുന്നു. അതിനാൽ, സ്വകാര്യ ആശയവിനിമയമാണെന്ന് പറഞ്ഞ് ഇ-മെയിൽ സന്ദേശം ഹൈക്കോടതി റദ്ദാക്കിയിരുന്നു. എന്നാൽ ഹൈക്കോടതിയുടെ നടപടി നിയമപരമായി തെറ്റാണെന്നാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ആരോപിക്കുന്നത്.

By newsten