തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണമുന്നയിച്ചതിന് പിന്നാലെ മുൻ പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ രമേശ് ചെന്നിത്തല രംഗത്ത്. കഴിഞ്ഞ സർക്കാരിൻറെ കാലത്ത് പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ഉന്നയിച്ചതെല്ലാം സത്യമാണെന്ന് തെളിയുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ബിരിയാണി പാത്രം കൊണ്ട് മൂടിയാലും സത്യം പുറത്തുവരും. എല്ലാ വസ്തുതകളും പുറത്തുവരുന്നു. സ്വർണക്കടത്ത് കേസിലെ ഒന്നാം പ്രതിയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് രമേശ് ചെന്നിത്തല മാദ്ധ്യമങ്ങളോട് പറഞ്ഞു.
“ഇതൊരു പഴയ കേസായി തള്ളിക്കളയാനാവില്ല. ഓരോ ദിവസം കഴിയുന്തോറും വസ്തുതകൾ കൂടുതൽ കൂടുതൽ പുറത്തുവരികയാണ്. നിങ്ങൾ അത് മൂടിവയ്ക്കാൻ എത്ര ശ്രമിച്ചാലും, അത് പുറത്ത് വരും. സ്വർണക്കടത്തിൽ ജനങ്ങൾക്ക് വിശ്വാസമില്ലെന്നാണ് സർക്കാർ ഇപ്പോൾ പറയുന്നത്. തിരഞ്ഞെടുപ്പ് വിജയത്തിന്റെ പേരിൽ കൈയിലുള്ള എല്ലാ അഴിമതി കറകളും കഴുകിക്കളയാൻ സർക്കാരിന് കഴിയില്ലെന്നും” ചെന്നിത്തല പറഞ്ഞു.
“സത്യമല്ലാത്തതൊന്നും ഞാൻ പറഞ്ഞിട്ടില്ല. ഒന്നും തിരുത്തിയിട്ടില്ല. പലരുടെയും മുഖങ്ങൾ ഇനിയും പുറത്തുവരും. ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത് വളരെ ഗൗരവമേറിയതാണ്. അന്വേഷണ ഏജൻസികൾ ഇത് ഗൗരവമായി എടുക്കുമെന്ന് കരുതുന്നില്ലെന്നും” ചെന്നിത്തല പറഞ്ഞു.