ചോറ്റാനിക്കര: ജനങ്ങൾ ബിരിയാണി ചലഞ്ച് ഏറ്റെടുത്തതോടെ വൃക്ക മാറ്റിവക്കുന്നതിനായി ആതിരക്ക് ലഭിക്കുന്നത് പത്ത് ലക്ഷത്തിലധികം രൂപ. എം.സി.സുകുമാരന്റെയും,ശ്രീദേവിയുടെയും മകളും ശ്രീജിത്തിന്റെ ഭാര്യയുമായ അമ്പാടിമല സ്വദേശിയായ ആതിര(28)യുടെ ഇരുവൃക്കകളും തകരാറിലായതോടെയാണ് ഡയാലിസിസിനെ ആശ്രയിക്കേണ്ടി വന്നത്.
ഏകദേശം 40 ലക്ഷത്തോളം രൂപ ചെലവ് പ്രതീക്ഷിക്കുന്ന ചികിത്സയ്ക്ക് മുന്നിൽ ആതിരയും കുടുംബവും നിസ്സഹായരായപ്പോൾ നാട്ടുകാർ ചേർന്ന് സഹായ നിധി രൂപീകരിച്ചെങ്കിലും പ്രതീക്ഷിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് എത്തിയിരുന്നില്ല. എത്രയും വേഗം ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചതോടെ അമ്പാടിമല മെത്രാൻ ബേബി ചാരിറ്റബിൾ ട്രസ്റ്റ് സഹായഹസ്തവുമായെത്തുകയായിരുന്നു.
ഒരു സാധാരണ കളക്ഷൻ രീതികൊണ്ട് പ്രയോജനമില്ലെന്ന തിരിച്ചറിവോടെയാണ് ട്രസ്റ്റ് ബിരിയാണി ചലഞ്ച് എന്ന ആശയത്തിലെത്തുന്നത്.ജാതി മത രാഷ്ട്രീയ ഭേദമന്യേ അമ്പാടിമലയിലെ സുമനസ്സുകളെല്ലാം ‘കാരുണ്യഹസ്തം 2022’ ബിരിയാണി ചലഞ്ചിന് ഹൃദയം നിറഞ്ഞ പിന്തുണ നൽകിയതോടെ കഴിഞ്ഞ 13 ന് ഉദ്യമം വിജയമായി. 300 ഓളം വോളന്റിയർമാരാണ് ബിരിയാണി ചലഞ്ചിന്റെ ഭാഗമായത്.