പാറ്റ്ന (ബിഹാര്‍): ബുൾഡോസർ ഉപയോഗിച്ച് വീട് പൊളിച്ചുനീക്കിയ ബിഹാർ പൊലീസിനും ഭൂമാഫിയയ്ക്കും എതിരെ രൂക്ഷവിമർശനവുമായി പട്ന ഹൈക്കോടതി. വീടുകൾ പൊളിക്കുന്നത് തമാശയായിരിക്കുന്നുവെന്ന് കോടതി പറഞ്ഞു. സജോഗ ദേവി എന്ന സ്ത്രീയുടെ വീട് അനധികൃതമായി തകർത്തതുമായി ബന്ധപ്പെട്ട പരാതി പരിഗണിക്കുകയായിരുന്നു കോടതി. ഒക്ടോബർ 15നാണ് ഇവരുടെ വീട് ബുൾഡോസർ ഉപയോഗിച്ച് തകർത്തത്.
“ഇവിടെയും ബുൾഡോസർ നടപടി തുടങ്ങിയോ? നിങ്ങൾ ആരെയാണ് പ്രതിനിധീകരിക്കുന്നത്. സംസ്ഥാനത്തെയോ അതോ സ്വകാര്യ വ്യക്തികളെയോ?” വീടുകൾ പൊളിക്കുന്നത് പതിവ് കാഴ്ചയായി മാറിയെന്നും ജസ്റ്റിസ് സന്ദീപ് കുമാർ പറഞ്ഞു. അടുത്ത ഹിയറിംഗിനായി എല്ലാ മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും കോടതിയിൽ ഹാജരാകണമെന്നും വീട് പൊളിച്ചത് തെറ്റാണെന്ന് കണ്ടെത്തിയാൽ അതിൽ ഉൾപ്പെട്ട ഓരോ ഉദ്യോഗസ്ഥരും അഞ്ച് ലക്ഷം രൂപ വീതം പരാതിക്കാരിക്ക് നൽകണമെന്നും കോടതി നിർദ്ദേശിച്ചു. ഇത് കോടതി ഉറപ്പാക്കുമെന്നും ജസ്റ്റിസ് സന്ദീപ് കുമാർ പറഞ്ഞു.
ഭൂമാഫിയയുടെ ഒത്താശയോടെ നടപടിക്രമങ്ങൾ പാലിക്കാതെ ബുൾഡോസർ ഉപയോഗിച്ച് ഒരു സ്ത്രീയുടെ വീട് ബിഹാറിൽ പൊലീസ് തകർത്തുവെന്നാണ് ആരോപണം. യുവതിയെയും കുടുംബത്തെയും കള്ളക്കേസിൽ കുടുക്കി. തുടർന്ന് താമസിച്ചിരുന്ന ഭൂമിയിൽ നിന്ന് ബലം പ്രയോഗിച്ച് ഇറക്കിവിടുകയായിരുന്നുവെന്ന് യുവതിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. കുടിയൊഴിപ്പിക്കൽ നടത്തിയത് ഭൂമാഫിയയ്ക്ക് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്യണമെന്നും യുവതിയെയും കുടുംബത്തെയും അറസ്റ്റ് ചെയ്യരുതെന്നും കോടതി പറഞ്ഞു.