ഖാണ്ഡവ: മധ്യപ്രദേശിൽ രാഹുൽ ഗാന്ധിക്കൊപ്പം പ്രിയങ്ക ഗാന്ധിയും ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുന്നു. സെപ്റ്റംബർ ഏഴിന് ആരംഭിച്ച രാഹുലിന്‍റെ യാത്ര, മഹാരാഷ്ട്ര പര്യടനം പൂർത്തിയാക്കി ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലേക്ക് കടന്നിരിക്കുകയാണ്. അഴിമതിക്കാരായ എം.എൽ.എമാർക്ക് 20-25 കോടി രൂപ നൽകി കമൽനാഥിന്‍റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിനെ ബി.ജെ.പി അട്ടിമറിച്ചുവെന്ന് രാഹുൽ ആരോപിച്ചു. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന് കീഴിൽ എല്ലാ ജനാധിപത്യ വാതിലുകളും അടഞ്ഞതോടെയാണ് ഭാരത് ജോഡോ യാത്ര ആരംഭിച്ചത് എന്നും രാഹുൽ കൂട്ടിച്ചേർത്തു. വിദ്വേഷം, അക്രമം, രാജ്യത്ത് പടരുന്ന ഭയം, തൊഴിലില്ലായ്മ, വിലക്കയറ്റം എന്നിവയ്ക്കെതിരെയാണ് യാത്രയെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന്, രാഹുലും പ്രിയങ്കയും ഖാണ്ഡവയിലെ ബൊര്‍ഗോണില്‍ നിന്ന് യാത്ര ആരംഭിച്ചു. സ്വാതന്ത്ര്യസമര സേനാനിയും ഗോത്ര നേതാവുമായ താന്തിയ ഭീലിന്റെ ജന്മസ്ഥലവും അവർ സന്ദർശിക്കും. ഗോത്രവിഭാഗത്തിന്റെ പിന്തുണ നേടാനുള്ള കോൺഗ്രസിൻ്റെ ശ്രമങ്ങൾ തടയാൻ ബിജെപി ശ്രമിക്കുന്നുണ്ട്. താന്തിയ ഭീലിന്റെ ജന്മസ്ഥലത്തുനിന്ന് ബിജെപി ഇന്നലെ ജന്‍ജാതീയ ഗൗരവ് യാത്ര ആരംഭിച്ചു. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും നാല് മന്ത്രിമാരും പങ്കെടുത്തു.