ന്യൂഡല്‍ഹി: കേന്ദ്ര സർക്കാരിന്റെ ഹ്രസ്വകാല സൈനിക റിക്രൂട്ട്മെന്റ് പദ്ധതിയായ അഗ്നിപഥിനെതിരെ വ്യാപകമായ പ്രതിഷേധങ്ങൾക്കും ബന്ദ് ആഹ്വാനങ്ങൾക്കുമിടയിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. രാജ്യത്തുടനീളം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
നിരോധനാജ്ഞ പ്രഖ്യാപിച്ച നോയിഡയിലേക്കും ഗുരുഗ്രാമിലേക്കും പോകുന്ന വാഹനങ്ങളിൽ പൊലീസിന്റെ സുരക്ഷാ പരിശോധനയെത്തുടർന്ന് വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. ബീഹാർ, പശ്ചിമ ബംഗാൾ, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ എല്ലാ പ്രധാന കേന്ദ്രങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ജാർഖണ്ഡിൽ സ്കൂളുകൾ അടച്ചിടുകയും 9, 11 ക്ലാസുകളിലെ പരീക്ഷകൾ മാറ്റിവയ്ക്കുകയും ചെയ്തു.
അഗ്നിപഥ് പ്രതിഷേധത്തിന്റെ ഭാഗമായി തിങ്കളാഴ്ച 530 ഓളം ട്രെയിനുകൾ റദ്ദാക്കിയിരുന്നു. ഇതിൽ 348 പാസഞ്ചർ ട്രെയിനുകളും 181 മെയിൽ എക്സ്പ്രസ് ട്രെയിനുകളും ഉൾപ്പെടുന്നു. പത്തോളം ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി.