Spread the love

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ അധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ട് തൃണമൂൽ കോണ്‍ഗ്രസ് മന്ത്രി പാര്‍ഥ ചാറ്റർജിയെ ഇഡി അറസ്റ്റ് ചെയ്തു. മന്ത്രിയുടെ വസതിയിൽ വച്ച് 23 മണിക്കൂറിലധികം തുടർച്ചയായി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

മന്ത്രിയുടെ അടുത്ത അനുയായിയായ അർപിത മുഖർജിയുടെ വീട്ടിൽ നിന്ന് 20 കോടി രൂപ എൻഫോഴ്സ്മെന്‍റ് കണ്ടെടുത്തതിന് പിന്നാലെയാണ് പാര്‍ഥ ചാറ്റർജിയെ അറസ്റ്റ് ചെയ്തത്. സ്കൂൾ സർവീസ് കമ്മിഷൻ റിക്രൂട്ട്മെന്‍റ് തട്ടിപ്പുമായി ബന്ധപ്പെട്ട് പണമാണ് കണ്ടെടുത്തതെന്നാണ് കരുതുന്നതെന്ന് ഇ.ഡി അറിയിച്ചു.

പാർത്ഥ ചാറ്റർജിയാണ് നിലവിൽ വ്യവസായ വകുപ്പിന്‍റെ ചുമതലയുള്ള മന്ത്രി. ഇദ്ദേഹത്തിന്‍റെയും വിദ്യാഭ്യാസ സഹമന്ത്രി പരേഷ് അധികാരിയുടെയും വീടുകൾ ഉൾപ്പെടെ 13 സ്ഥലങ്ങളിൽ വെള്ളിയാഴ്ച ഇഡി റെയ്ഡ് നടത്തിയിരുന്നു. അധ്യാപക നിയമന തട്ടിപ്പ് കേസിൽ പണം കൈമാറ്റം ചെയ്ത സംഭവം അന്വേഷിക്കാനായിരുന്നു പരിശോധന. നേരത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന പാർത്ഥ ചാറ്റർജിയെ ആരോപണത്തെ തുടർന്ന് വ്യവസായ വകുപ്പിലേക്ക് സ്ഥലം മാറ്റിയിരുന്നു. രാഷ്ട്രീയ എതിരാളികളെ ഉപദ്രവിക്കാനുള്ള ബിജെപിയുടെ തന്ത്രമാണ് ഇ.ഡി റെയ്ഡെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു.

By newsten