Spread the love

‘ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ’ നിരോധിച്ചതുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് നിർമ്മാതാക്കൾ . ഗെയിം നിരോധിച്ചതിന് ശേഷം ഇതാദ്യമായാണ് നിർമ്മാതാവ് ക്രാഫ്റ്റൺ ഈ വിഷയത്തിൽ പ്രതികരിക്കുന്നത്. കഴിഞ്ഞ ദിവസം പബ്ജിയുടെ ഇന്ത്യൻ പതിപ്പായ ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ രാജ്യത്ത് നിരോധിച്ചിരുന്നു. ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങൾ വിദേശത്തേക്ക് കടത്തുന്നുവെന്ന ആശങ്കയാണ് നിരോധനത്തിന് പിന്നിലെ കാരണം.

“ദയവായി ഞങ്ങൾ പ്രതികരിക്കുന്നതുവരെ കാത്തിരിക്കുക. ഈ വിഷയത്തിലെ മറ്റ് കാര്യങ്ങൾ ഞങ്ങൾ നിങ്ങളെ അറിയിക്കും. ഇന്ത്യയിൽ ഗെയിമിംഗ് മെച്ചപ്പെടുത്താനാണ് ഞങ്ങൾ ശ്രമിക്കുന്നത്. ഇന്ത്യൻ വിപണിയോട് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഞങ്ങളുടെ കസ്റ്റമർമാരുടെ വിവരങ്ങളുടെ സുരക്ഷ ഞങ്ങൾക്ക് പരമപ്രധാനമാണ്. ഞങ്ങൾ എല്ലായ്പ്പോഴും ഇന്ത്യൻ നിയമം അനുസരിച്ചിട്ടുണ്ട്. ഞങ്ങൾ അധികാരികളുമായി സംസാരിക്കുകയും പ്രതിസന്ധി പരിഹരിക്കാൻ ശ്രമിക്കുകയും ചെയ്യും.” – ക്രാഫ്റ്റൺ പ്രതികരിച്ചു.

ഗെയിം കളിക്കാൻ അനുവദിക്കാത്തതിന് 16 വയസുകാരൻ അമ്മയെ കൊലപ്പെടുത്തിയ കേസിലാണ് ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ അഥവാ ബിജിഎംഐക്ക് കേന്ദ്രം വിലക്കേർപ്പെടുത്തിയത്. കഴിഞ്ഞ മാസമാണ് 16 വയസുകാരൻ അമ്മയെ കൊലപ്പെടുത്തിയത്. ഇതേതുടർന്ന് പ്രഹാർ എന്ന എൻജിഒ ഗെയിമിനെതിരെ നടപടി ആവശ്യപ്പെട്ട് ഹർജി നൽകി. നേരത്തെ രാജ്യം നിരോധിച്ച അതേ പബ്ജിയാണ് ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യയെന്നും ഹർജിയിൽ പറയുന്നു. ഇതേ തുടർന്നാണ് ഗെയിം നീക്കം ചെയ്യാൻ കേന്ദ്രം തീരുമാനിച്ചത്.

By newsten