തിരുവനന്തപുരം: പിൻവാതിൽ നിയമനം സംബന്ധിച്ച് നിയമസഭയിൽ അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നൽകി. പി.എസ്.സിയെയും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനെയും നോക്കുകുത്തിയാക്കിയാണ് പിൻവാതിൽ നിയമനങ്ങൾ നടത്തുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. സർക്കാർ, അർദ്ധ-സർക്കാർ സ്ഥാപനങ്ങളിൽ നടക്കുന്ന അനധികൃത നിയമനങ്ങൾ തൊഴിലന്വേഷകരോടുള്ള വെല്ലുവിളിയാണെന്നും പ്രതിപക്ഷം ആരോപിച്ചു.
എന്നാൽ നിയമനങ്ങളെക്കുറിച്ച് തെറ്റായ പ്രചാരണമാണ് നടക്കുന്നതെന്ന് മന്ത്രി എം.ബി രാജേഷ് പ്രതികരിച്ചു. നിയമനങ്ങളെക്കുറിച്ച് ആസൂത്രിതമായ വ്യാജപ്രചാരണമാണ് നടക്കുന്നത്. തങ്ങളോട് അനീതി കാട്ടിയെന്ന് ഉദ്യോഗാർത്ഥികളെ വിശ്വസിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ആളുകൾ ഇത് മുഖവിലയ്ക്കെടുക്കില്ല. ഒന്നാം പിണറായി സർക്കാരിന്റെ കാലം മുതൽ ഇത്തരമൊരു പ്രചാരണം നടക്കുന്നുണ്ടെന്നും മന്ത്രി ആരോപിച്ചു.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 1.61 ലക്ഷം നിയമനങ്ങൾ നടന്നതായി മന്ത്രി സഭയെ അറിയിച്ചു. ഒന്നാം പിണറായി സർക്കാർ മുതൽ ആറര വർഷത്തിനിടെ 1.99 ലക്ഷം നിയമനങ്ങളാണ് ഇടത് സർക്കാർ നടത്തിയത്. യു.ഡി.എഫ് സർക്കാരിന്റെ കാലത്തെക്കാൾ 18,000 കൂടുതലാണിത്. ബോർഡും കോർപ്പറേഷനും ഉൾപ്പെടെ 55 സ്ഥാപനങ്ങളിലെ നിയമനങ്ങൾ കൂടി പി.എസ്.സിക്ക് വിട്ടു. കൊവിഡ് കാലത്ത് എല്ലാം അടച്ചപ്പോഴും പി.എസ്.സി തുറന്ന് പ്രവർത്തിച്ചിരുന്നു. സംസ്ഥാനത്ത് 181 പുതിയ ഐടി കമ്പനികൾ പ്രവർത്തനം ആരംഭിച്ചതായും മന്ത്രി സഭയെ അറിയിച്ചു.