കോഴിക്കോട്: കോഴിക്കോട് ആവിക്കൽ തോട് മലിനജല ശുദ്ധീകരണ പ്ലാന്‍റ് പദ്ധതി വിശദീകരിക്കാൻ ചേർന്ന ജനസഭയിലുണ്ടായ സംഘർഷത്തിൽ സിപിഎം പ്രവർത്തകർ ഉൾപ്പെടെ 125 പേർക്കെതിരെ കേസെടുത്തു. അതേസമയം, പദ്ധതി പ്രദേശം ഉൾപ്പെടുന്ന വെള്ളയിൽ വാർഡിൽ നാളെ നടക്കുന്ന ജനസഭയിൽ പങ്കെടുക്കുമെന്നാണ് സമരസമിതിയുടെ നിലപാട്.
സമരസമിതിയിലെ 75 അംഗങ്ങൾക്കും 50 സി.പി.ഐ.എം പ്രവർത്തകർക്കുമെതിരെയാണ് വെള്ളയിൽ പൊലീസ് കേസെടുത്തത്. തോപ്പയിൽ വാർഡിലെ വികസന പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ എൽ.ഡി.എഫ് വിളിച്ചുചേർത്ത ജനസഭയിലാണ് സംഘർഷമുണ്ടായത്. പരിപാടി ഉദ്ഘാടനം ചെയ്ത് മടങ്ങുന്നതിനിടെ കാറിന് നേരെ കല്ലേറുണ്ടായതായി തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ പറഞ്ഞു. ജനങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകാൻ താൻ തയ്യാറാണെന്നും സാധാരണക്കാരെ ആരോ തെറ്റിദ്ധരിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.
വെള്ളയിൽ വാർഡിൽ നാളെ എൽഡിഎഫിന്‍റെ പിന്തുണയോടെ നടക്കുന്ന ജനസഭയിലേക്ക് തന്നെ ക്ഷണിച്ചിട്ടില്ലെന്ന് യു.ഡി.എഫ് അംഗമായ വാർഡ് കൗൺസിലർ പറഞ്ഞു. ക്ഷണമില്ലെങ്കിലും ജനസഭയിൽ പങ്കെടുക്കുമെന്നും സമരസമിതി വ്യക്തമാക്കി. അതേസമയം സംഘർഷ സാധ്യത കണക്കിലെടുത്ത് ആവിക്കൽ തോട് മേഖലയിൽ കനത്ത പോലീസ് സുരക്ഷ തുടരുകയാണ്.